ലണ്ടന്‍: ആഗോളതലത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ചരിത്രംകുറിച്ച് വീണ്ടും മെല്‍ബണ്‍. തുടര്‍ച്ചയായ ആറാംവട്ടമാണ് ഈ ഓസ്‌ട്രേലിയന്‍ നഗരം ഈ നേട്ടം സ്വന്തമാക്കുന്നത്. പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍പോലും ഒരു യു.കെ. നഗരവുമില്ലെന്നത് നാണകേടായി.
43 – ആം സ്ഥാനത്തുള്ള മാഞ്ചസ്റ്ററാണ് ബ്രിട്ടണിലെ വാസയോഗ്യ നഗരങ്ങളില്‍ മുന്നിലെത്തിയത്. തലസ്ഥാനമായ ലണ്ടനാകട്ടെ പട്ടികയില്‍ ഇടംപിടിച്ചത് 53-ആം സ്ഥാനവുമായാണ്. കഴിഞ്ഞവര്‍ഷത്തെ അതേ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു ലണ്ടന്‍. ദ് ഇക്കണോമിസ്റ്റിന്റെ ആഗോള വാസയോഗ്യ സര്‍വേയാണ് നഗരങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്.
97.5 പോയിന്റുമായാണ് ഓസ്‌ട്രേലിയ വാസയോഗ്യ പട്ടണങ്ങളില്‍ ഒന്നാമതെത്തിയത്. വിയന്ന (97.4 പോയിന്റ്) രണ്ടാമതെത്തിയപ്പോള്‍ കാനഡയിലെ മൂന്നു നഗരങ്ങളാണ് തൊട്ടുപിന്നിലെത്തിയത്. വാന്‍കൂവര്‍ (97.3 പോയിന്റ്) മൂന്നാമതും ടൊറന്റോ(97.2 പോയിന്റ്) നാലാമതും, കാല്‍ഗാരി(96.6 പോയിന്റ്) അഞ്ചാമതുമെത്തി കാനഡയ്ക്ക് അഭിമാനമായി. അഡലെയ്ഡും പെര്‍ത്തും ആറും ഏഴും സ്ഥാനങ്ങളിലും ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍ഡ് എട്ടാമതും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി, ജര്‍മ്മനിയിലെ ഹാംബര്‍ഗ് എന്നിവ യഥാക്രമം ഒന്‍പതും പത്തും സ്ഥാനങ്ങളിലുമെത്തി.
ഐസിസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദി സംഘങ്ങള്‍ക്ക് ആധിപത്യമുള്ള സിറിയയിലെ ഡമാസ്‌കസാണ് ലോകത്തില്‍ ഏറ്റവും വാസയോഗ്യമല്ലാത്ത പട്ടണം. ലിബിയയിലെ ട്രിപ്പോളി, നൈജീരിയയിലെ ലാഗോസ്, ബംഗ്ലാദേശിലെ ധാക്ക, പാപുവ ന്യൂഗിനിയയിലെ പോര്‍ട്ട് മാര്‍സ്ബി എന്നീ പട്ടണങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഇവയ്ക്കു പിന്നില്‍ അള്‍ജീരിയയിലെ അള്‍ജിയേഴ്‌സ്, പാകിസ്ഥാനിലെ കറാച്ചി, സിംബാബ്‌വേയിലെ ഹരാരെ, കാമറൂണിലെ ഡൗവാല, യുക്രൈനിലെ കീവ് എന്നീ നഗരങ്ങളുമുണ്ട്.