അബുദാബി∙ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്നു മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ റദ്ദാക്കുകയാണെങ്കിൽ തൊഴിലാളിയും തൊഴിലുടമയും പരസ്പരം രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽ കരാർ റദ്ദാക്കുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ രേഖാമൂലം പരസ്പരം അറിയിക്കണം. നോട്ടിസ് പീരിയഡിൽ തൊഴിൽ കരാർ സാധുവായിരിക്കും. ഈ കാലയളവിൽ ജീവനക്കാർക്ക് പൂർണ വേതനത്തിനു അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ ബന്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച ദിവസം മുതലുള്ള നിശ്ചിത കാലയളവ് നോട്ടിസ് പീരിയഡായി പരിഗണിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടാവുകയും തൊഴിലുടമയ്ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലോ കോടതിയിലോ പരാതിപ്പെടുകയും ചെയ്താൽ ഇക്കാരണം കൊണ്ട് ജോലിയിൽ നിന്നും പിരിച്ചുവിടാൻ പാടില്ല.
എന്നാൽ 2021ലെ ഫെഡറൽ തൊഴിൽ നിയമം 42/33 പ്രകാരം താഴെ പറയുന്ന കാരണങ്ങളാൽ തൊഴിൽ കരാർ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്:
∙ തൊഴിൽ കരാർ അവസാനിക്കുകയും പുതുക്കേണ്ടതില്ലെന്ന് ഇരു കൂട്ടരും തീരുമാനിക്കുകയും ചെയ്താൽ.
∙തൊഴിൽ കരാറിലെ തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ.
∙ തൊഴിലാളി മരണപ്പെടുകയോ തൊഴിലെടുക്കാൻ കഴിയാത്ത വിധം ശാരീരിക ക്ഷമത നഷ്ടപ്പെടുകയോ ചെയ്താൽ. ഇതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.
∙ തൊഴിലാളി ജയിലിലാവുകയോ നിയമ നടപടി നേരിടുകയോ ചെയ്താൽ.
.ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പോയാൽ
∙തൊഴിലുടമ പാപ്പരാകുന്ന സാഹചര്യത്തിൽ.
∙ ലേബർ കാർഡ് പുതുക്കാനുള്ള വ്യവസ്ഥകൾ തൊഴിലാളി പൂർത്തിയാക്കാതിരുന്നാൽ.