യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്

അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവ ഉൾപ്പെടുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. 2024ൽ യാത്രാ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണു സൂചന.

ഫ്രാൻസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്എൻസിഎഫ് ഇന്റർനാഷനൽ, ഗ്രീൻ ആൻഡ് സ്‌മാർട്ട് മൊബിലിറ്റി മേഖലയിലെ അൽസ്റ്റോം, റെയിൽ‌–റോഡ് ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സംയോജിത വിതരണക്കാരായ പ്രോഗ്രസ് റെയിൽ, നൂതന സാങ്കേതികവിദ്യകളിൽ പ്രമുഖരായ തേൽസ് ഗ്രൂപ്പ് എന്നീ രാജ്യാന്തര മുൻനിര കമ്പനികളുമായാണു കരാർ ഒപ്പുവച്ചത്.

റെയിൽ, കാർഗോ, ഗതാഗത വ്യവസായത്തിലെ വമ്പൻ കമ്പനികളുമായുള്ള സഹകരണം മികച്ച നിലവാരം ഉറപ്പാക്കുമെന്ന് ഇത്തിഹാദ് റെയിൽ പാസഞ്ചർ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ മുസാവ പറഞ്ഞു. ഇത്തിഹാദ് റെയിലും എസ്എൻസിഎഫ് ഇന്റർനാഷനലും സഹകരിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുക.

നടത്തിപ്പ്, അറ്റകുറ്റപ്പണി, ശിൽപശാല, പരിശീലനം, രൂപകൽപന, റെയിൽ വികസനം, ട്രെയിൻ വിതരണം, പരിപാലനം, വിവിധ ഗതാഗത മാർഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കൽ, സ്റ്റേഷനിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തൽ എന്നിവയെല്ലാം സഹകരണത്തിൽ ഉൾപ്പെടും.

യാത്രാ ട്രെയിൻ എത്രയും വേഗം യാഥാർഥ്യമാക്കുന്നതിനായിരിക്കും ഊന്നൽ നൽകുക. ഒപ്പം ഇതര യാത്രാ സംവിധാനങ്ങളുമായി ബന്ധിക്കും. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർബൺ മലിനീകരണം അകറ്റുമെന്ന് അൽസ്റ്റോമിന്റെ മെനാറ്റ് മേഖലാ (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, തുർക്കി) മാനേജിങ് ഡയറക്ടർ മാമ സൗഗൗഫറ പറഞ്ഞു.

സേവനങ്ങളുടെ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ് തേൽസ് ഗ്രൂപ്പുമായുള്ള കരാർ. റെയിൽ നിയന്ത്രണത്തിലെ നൂതന മാർഗം,

യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം ലെവൽ 3, ട്രാഫിക് പ്രവർത്തനം, അസറ്റ് മാനേജ്മെന്റ്, തത്സമയ യാത്രക്കാരുടെ ഒഴുക്ക്, സ്വമേധയാ പ്രവർത്തന നിയന്ത്രണം,യാത്രക്കാരുടെ വിനോദ സംവിധാനം, ടിക്കറ്റ് ബുക്കിങ്, പ്രശ്നപരിഹാരം തുടങ്ങിയവയെല്ലാം ഈ കമ്പനികളുടെ ഉത്തരവാദിത്തത്തിലായിരിക്കും നടക്കുക.

1200 കി.മീ നീളുന്ന റെയിൽ ശൃംഖല

സൗദി അറേബ്യ–യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉൽപാദന, തുറമുഖ, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും. 2015ൽ ആരംഭിച്ച ഇത്തിഹാദ് റെയിലിൽ അബുദാബി അൽ ദഫ്രയിലെ ഷാ ഹബ്ഷൻ വാതക മേഖലയിൽനിന്നു റുവൈസ് തുറമുഖം വരെ ചരക്കുനീക്കം നടത്തിവരുന്നു.

200 കിമീ വേഗം 400 യാത്രക്കാർ

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

ദുബായ്–അബുദാബി യാത്രയ്ക്ക് 50 മിനിറ്റ്

യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റ് മതിയാകും.അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കു 100 മിനിറ്റു കൊണ്ട് എത്താം.