വിവാദ 5പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങി: മലയാളികള്‍ സൂക്ഷിക്കുക

noteലണ്ടന്‍ : മൃഗക്കൊഴുപ്പുണ്ടെന്ന പരാതിയുടെ പേരില്‍ വിവാദമായ പുതിയ അഞ്ചു പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങിയതായി റിപ്പോര്‍ട്ട്. വ്യാജന്‍ ഇറക്കാന്‍ സാധിക്കില്ലെന്ന അവകാശവാദവുമായി കഴിഞ്ഞ സെപ്റ്റംബറില്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നൂതന നോട്ടിനാണ് ഈ ഗതി. ഡോര്‍സെറ്റ് മേഖലയിലാണ് അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജനെ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഡോര്‍സെറ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബിയര്‍വുഡ്, കിന്‍സണ്‍, ഷെര്‍ബോണ്‍, ഗില്ലിങ്ഹാം എന്നിവിടങ്ങളിലും വ്യാജ നോട്ടുകള്‍ കണ്ടെത്തിയാതായി വാര്‍ത്തയുണ്ട്. നോട്ട് ലഭിക്കുമ്പോള്‍ പരിശോധിച്ചു നോക്കാന്‍ ജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. കള്ള നോട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ 101 ലേക്കോ 999 ലേക്കോ വിളിക്കണമെന്ന് പോലീസ് അറിയിച്ചു.പോളിമര്‍ ഫോര്‍മാറ്റിലാണ് പുതിയ അഞ്ച് പൗണ്ട് നോട്ട് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ വ്യാജന്‍ അച്ചടിച്ചിരിക്കുന്നത് പേപ്പറിലാണ്. അതിനാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വ്യാജ നോട്ട് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്.

എലിസബത്ത് ടവറിന്റെ നിറം മുന്‍വശത്ത് സ്വര്‍ണത്തിലും പുറകില്‍ വെള്ളിയിലുമായിരിക്കും
നോട്ട് തിരിക്കുമ്പോള്‍ ഫോയില്‍ പാച്ചില്‍ എഴുതിയിരിക്കുന്ന വൈഫ് എന്ന അക്ഷരം പൗണ്ടായി മാറും
അള്‍ട്രാ വയലറ്റ് അടിക്കുമ്പോള്‍ താഴെ ഇടതുവശത്തായി 5 എന്ന അക്കം കാണാന്‍ സാധിക്കും

അതേസമയം, പുതിയ അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജന്‍ ഒരിക്കലും ഇറക്കാന്‍ സാധിക്കില്ലെന്നാണ് ബാങ്ക് ഒഫ് ഇംഗ്ലണ്ട് അവകാശപ്പെടുന്നത്. ഏതായാലും പുതിയ അഞ്ചു പൗണ്ട് നോട്ടുകള്‍ ലഭിക്കുന്ന മലയാളികള്‍ അത് സൂക്ഷ്മമായി പരിശോധിക്കണം.

34420