ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ വ്യാജ ട്വിറ്റ്

മസ്​കത്ത്​: തന്റെ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ്​ വ്യാജമാണെന്ന്​ ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ്​ സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ്​ ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത്​ ഫഹദ്​ അൽ സഇൗദ്​ അറിയിച്ചു. തന്റെ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റർ അക്കൗണ്ടിലാണ്​ സന്ദേശം പോസ്​റ്റ്​ ചെയ്​തത്​. തനിക്ക്​ അതുമായി യാതൊരു ബന്ധവുമില്ലെന്നും ഡോ. സയ്യിദ മുന അറിയിച്ചു. വ്യാജ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത സന്ദേശം ശരിയാണോയെന്ന്​ ഉറപ്പുവരുത്താനുള്ള എല്ലാവരുടെയും ജാഗ്രതക്ക്​ അവർ നന്ദി അറിയിച്ചു. ഇതു സംബന്ധിച്ച ഡോ. സയ്യിദ മോനയുടെ വിശദീകരണത്തിൽ ഇന്ത്യൻ അംബാസഡർ മുനുമഹാവർ നന്ദിയറിയിച്ചു. ഒമാനുമായുള്ള സൗഹൃദം ഇന്ത്യ ഏറെ വിലമതിക്കുന്നതായും ഒമാൻ സർക്കാറുമായും ജനങ്ങളുമായും ചേർന്ന്​ പ്രവർത്തിച്ച്​ ഇൗ ബന്ധം ശക്തമാക്കുമെന്നും അംബാസഡർ ട്വിറ്ററിൽ അറിയിച്ചു.ബുധനാഴ്​ച രാവിലെയാണ്​ ഇൗ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടത്​. ഇതേ തുടർന്ന്​ എംബസി ട്വിറ്ററിൽ വിശദീകരണം പുറത്തിറക്കിയിരുന്നു. ഒമാനി സമൂഹത്തിന്​ ഒട്ടും സ്വീകാര്യമല്ലാത്തതാണ്​ ഇത്തരം പ്രവർത്തനങ്ങൾ എന്ന് ഡോ. സയ്യിദ മുന ബിൻത്​ ഫഹദ്​ അൽ സഇൗദ്​ പറഞ്ഞു. ഇവക്കെതിരായ അവബോധം സമൂഹത്തി​ന്റെ എല്ലാ തലങ്ങളിലും ശക്​തമാക്കാൻ എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു. ഇൻസ്​റ്റാഗ്രാമിൽ @hhmonaalsaid ഉം ട്വിറ്ററിൽ @MohaFahad13 ആണ്​ തന്റെ ഒൗദ്യോഗിക ​ഐ .ഡികളെന്നും ഡോ. സയ്യിദ മുന അറിയിച്ചു. ഗൂഡമായ ലക്ഷ്യങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക്​ ചെവികൊടുക്കരുതെന്നാണ്​ എംബസി ഒമാനിലെ ഇന്ത്യൻ സമൂഹത്തോട്​ ആവശ്യപ്പെട്ടത്​. വെല്ലുവിളി ഉയർത്തുന്ന നിലവിലെ സമയത്ത്​ ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ ചൊലുത്തുകയാണ്​ വേണ്ടതെന്നും എംബസി സന്ദേശത്തിൽ ചൂണ്ടികാട്ടിയിരുന്നു.