
മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ച ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന് വർണാഭമായ തുടക്കം.ബഹ്റിനിലെ സാമൂഹിക പ്രവർത്തകനും ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്ഷധികാരിയും ആയ ബഷീർ അമ്പലായി ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ രക്ഷധികാരി സാജൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്സിക്കൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീരാജ്, റോബിൻ എബ്രഹാം, സന്തോഷ് പുതുപ്പള്ളി ബി. കെ. എൻ. ബി. എഫ് അംഗം ബിജു കൂരോപ്പട, ബിനു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.വാശിയേറിയ ആദ്യമത്സരത്തിൽ നെല്ലിക്കൽ ടീമിനെ ഒരെണ്ണത്തിന് പരാജയപ്പെടുത്തി പള്ളം ടീം ജേതാക്കൾ ആയി. രണ്ടാം മത്സരത്തിൽ മുട്ടമ്പലം ടീം തലപ്പാടി ടീമിനെ നേരിട്ടെങ്കിലും രണ്ട് വരകൾ കഴിഞ്ഞപ്പോൾ വെളിച്ചക്കുറവ് മൂലം മത്സരം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അടുത്ത വെള്ളിയാഴ്ച അതിന്റെ ബാക്കി മത്സരം ഉണ്ടായിരിക്കും.ഫെഡറേഷൻ കപ്പ് ടൂർണമെന്റ് കൺവീനർമാരായ റോബി കാലായിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ സൈജു കിഴക്കേടത്ത് കൃതജ്ഞതയും പ്രകാശിപ്പിച്ചു.







