‘മുളകുപൊടി പ്രയോഗം’ നടത്തി കവർച്ച; ഏഷ്യൻ പൗരന്മാർക്ക് 6 മാസം തടവും പിഴയും വിധിച്ച് ദുബായ് കോടതി

ദുബായ് ∙ മുഖത്ത് ‘മുളകുപൊടി പ്രയോഗം’ നടത്തി കാൽനടയാത്രക്കാരനിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത ഏഷ്യൻ പൗരന്മാരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ആറ് മാസം വീതം തടവും 14,600 ദിർഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും. റാസൽഖോർ വ്യവസായ മേഖലയിൽ കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെയാണ് ആക്രമിച്ചതെന്ന് കവർച്ചയ്ക്ക് ഇരയായ വ്യക്തി കോടതിയിൽ പറഞ്ഞു. താൻ നിലത്തു വീഴുന്നതുവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ചവിട്ടി. തുടർന്ന്, അവർ തന്റെ കൈവശമുണ്ടായിരുന്ന 14,600 ദിർഹവും തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും അടങ്ങിയ ഒരു ഹാൻഡ്‌ബാഗ് മോഷ്ടിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. വൈകാതെ പൊലീസ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞു, രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം കണ്ടെടുക്കുകയും ചെയ്തു.