യുഎഇയിൽ കച്ചവടം ചെയ്യാൻ ക്ഷണിച്ച് തട്ടിപ്പ്; ചതിയിൽ വീണ് നിരവധിപേർ

ദുബായ്∙ ചെറുകിട ബിസിനസ്സിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു പണം നഷ്ടപ്പെട്ടു.പണം നൽകിയതിനു മതിയായ തെളിവില്ലാത്തതിനാൽ നിയമ നടപടി സ്വീകരിക്കാനാവാതെ പ്രയാസത്തിലാണു ഭൂരിഭാഗം പേരും. രേഖാമൂലമുള്ള കരാർ ഇല്ലാതെ പങ്കാളിത്ത ബിസിനസ്സിൽ പണം മുടക്കിയാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നു നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി.റസ്റ്ററന്റ്, ഗ്രോസറി, പച്ചക്കറി വ്യാപാരം തുടങ്ങി ചെറുകിട, ഇടത്തരം ബിസിനസ്സിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിമാസം നിശ്ചിത തുക നിക്ഷേപകനു നൽകുമെന്ന് മോഹിപ്പിച്ചാണ് ഇരകളെ വലയിലാക്കുന്നത്. ആവശ്യമെങ്കിൽ ഒരു വർഷത്തിനുശേഷം നിക്ഷേപത്തുക പിൻവലിക്കാമെന്നും പറയുന്നതോടെ വലയിൽ വീഴുന്നവർ ഒട്ടേറെ. എന്നാൽ, ലാഭവിഹിതം കിട്ടില്ലെന്നു മാത്രമല്ല പണം നഷ്ടപ്പെട്ടവരും ഏറെയാണ്. അപൂർവം ചിലർക്കു മാത്രമാണ് നിക്ഷേപത്തുക ഗഡുക്കളായി വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടിയത്. തട്ടിപ്പിനു നേതൃത്വം നൽകുന്നവരിലും ഇരകളിലും മലയാളി സാന്നിധ്യം കൂടും.പണം വാങ്ങുമ്പോൾ നൽകിയ മോഹന വാഗ്ദാനങ്ങളൊക്കെ ആദ്യ മാസത്തെ ലാഭവിഹിതം ചോദിക്കുമ്പോൾ മാറ്റിപ്പറയും. ബിസിനസ് വിചാരിച്ച പോലെ വന്നില്ല, കച്ചവടമില്ല എന്നൊക്കെയാകും അടുത്ത മാസത്തെ ന്യായീകരണം. ബിസിനസ് പരിഗണിക്കാതെ ലാഭവിഹിതം കൃത്യമായി തരും എന്നല്ലേ കരാർ എന്നു ചോദിച്ചാൽ വരുമാനം ഉണ്ടെങ്കിലല്ലേ തരാനൊക്കൂ എന്നാകും മറുപടി. കൊടുത്ത പൈസ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കേണ്ടതുകൊണ്ട് ഇരയുടെ കാത്തിരിപ്പ് നീളും. നിക്ഷേപത്തുക തിരിച്ചുതരാൻ ആവശ്യപ്പെട്ടാൽ ഒരു വർഷം കഴിയട്ടെ എന്നാകും മറുപടി. കച്ചവടം നഷ്ടത്തിലാണെന്നും മറ്റാർക്കെങ്കിലും നടത്താൻ കൊടുത്ത ശേഷം പണം കിട്ടുമ്പോൾ നൽകാമെന്നും പറയും. ചിലരോട് വർഷങ്ങളുടെ സാവകാശം ചോദിക്കും. വിടാതെ പിന്തുടർന്നാൽ ആയിരമോ രണ്ടായിരമോ നൽകി ശാന്തരാക്കും. ഇതിനിടയിൽ സമാന രീതിയിൽ മറ്റു പലരോടും പണം വാങ്ങും. എത്ര പേരിൽനിന്ന് ഇങ്ങനെ തുക വാങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും പരസ്യപ്പെടുത്തില്ല.പണം കൊടുത്തതിനു രേഖകൾ ഇല്ലാത്തതിനാൽ നിയമ നടപടിക്കു പോകില്ലെന്ന ബോധ്യമാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്. പലരിൽനിന്നും പണം സ്വരൂപിച്ച് ഒരു എമിറേറ്റിൽ പങ്കാളിത്ത ബിസിനസ് തുടങ്ങി ഇടപാടുകാരിൽ നിന്നു വൻതോതിൽ സാധനങ്ങൾ കടത്തിന് എടുത്തുമറിച്ചുവിറ്റ് പണം സമ്പാദിച്ച ശേഷം ആരും അറിയാതെ കടപൂട്ടി മുങ്ങുന്നവരുമുണ്ട്. മാസങ്ങൾക്കുശേഷം മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ ഇതേ കബളിപ്പിക്കൽ തുടരും. ഇവിടെ നടന്ന പങ്കാളിത്ത കച്ചവട പ്രശ്നം നാട്ടിലേക്കും നീളും. ഇത് ഭീഷണിയിലേക്കും അടിപിടിയിലേക്കും തട്ടിക്കൊണ്ടു പോകലിലേക്കും ക്വട്ടേഷനിലേക്കും നയിച്ച സംഭവങ്ങൾ ഒട്ടേറെ ഉണ്ടെന്ന് അബുദാബി അബ്ദുൽഅസീസ് അൽ ആമരി അഡ്വക്കറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിലെ അഭിഭാഷകൻ ബൽറാം ശങ്കർ പറഞ്ഞു. ഇതൊപ്പം പറയുന്നവ ശ്രദ്ധിച്ചാൽ ചതിയിൽപ്പെടാതെ രക്ഷപ്പെടാമെന്നും ചൂണ്ടിക്കാട്ടി. വഞ്ചിക്കപ്പെടാതിരിക്കാൻ അറിയുക..സ്ഥാപനത്തിന്റെ യഥാർഥ ഉടമയാണെന്നതിനുള്ള തെളിവ് നിക്ഷേപകൻ ആവശ്യപ്പെടണം സ്പോൺസറുടെ പേരിലാണ് സ്ഥാപനമാണെങ്കിൽ നിക്ഷേപത്തുക വാങ്ങാനുള്ള ഇയാളുടെ അധികാരം എന്താണെന്ന് വ്യക്തമാക്കണം വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിക്കാതെ പ്രസ്തുത സ്ഥാപനത്തിൽ പോയി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടണം സെക്യൂരിറ്റി ചെക്കിലെയും ഇതര രേഖകളിലെയും ഒപ്പ് സമാനമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.