20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ച ഗ്രാമര്‍ സ്‌കൂളുകള്‍ തിരിച്ച് കൊണ്ട് വരാന്‍ പ്രധാനമന്ത്രി തെരേസ മേയ് ശ്രമം തുടങ്ങി. ഇത് യാഥാര്‍ത്ഥ്യമായാല്‍ ന്യൂ ജനറേഷന്‍ ഗ്രാമര്‍ സ്‌കൂളുകള്‍ രാജ്യവ്യാപമായി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്നുറപ്പാണ്.ഇതിലൂടെ പുതിയൊരു തരം സ്‌കൂളുകള്‍ക്കാണ് തെരേസ അടിത്തറയിടാനൊരുങ്ങുന്നത്. 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറായിരുന്നു അന്ന് ഗ്രാമര്‍ സ്‌കൂളുകള്‍ നിരോധിച്ചിരുന്നത്.തങ്ങളുടെ സോഷ്യല്‍ കോഹെന്‍ഷന്‍ അജന്‍ഡയുടെ പ്രധാന ഭാഗമെന്ന നിലയിലായിരുന്നു ലേബറുകള്‍ അന്നീ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. വിദ്യാഭ്യാസ നയത്തിലെ ചരിത്രം കുറിയ്ക്കുന്ന ഈ പരിഷ്‌കാരത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാകുമെന്നാണ് കരുതുന്നത്. കോണ്‍സര്‍വേറ്റീവുകളുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബറില്‍ നടക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വിദ്യാഭ്യാസ നയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് തെരേസ ഇക്കാര്യത്തില്‍ സ്വീകരിക്കാനൊരുങ്ങുന്നത്. ഗ്രാമര്‍ സ്‌കൂളുകളെ തിരിച്ച് കൊണ്ട് വരാന്‍ ടോറി ബാക്ക്‌ബെഞ്ചര്‍മാര്‍ നിരന്തരം സമ്മര്‍ദം പുലര്‍ത്തിയിരുന്നുവെങ്കിലും കാമറോണ്‍ ഈ വിഷയത്തോട് പുറന്തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിലൂടെ ആളുകളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്ത് കൊണ്ടു വരാന്‍ വഴിയൊരുക്കുമെന്നാണ് ഒരു ഗവണ്‍മെന്റ് ഉറവിടം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമര്‍ സ്‌കൂളുകള്‍ തിരിച്ച് കൊണ്ടു വരാനുള്ള തീരുമാനം സാമാന്യ ബുദ്ധിയുടെ വിജയം എന്നാണ് ടോറി എംപിമാര്‍ കഴിഞ്ഞ രാത്രി പ്രതികരിച്ചിരിക്കുന്നത്.
പുതിയ നീക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ അനുദിക്കുമെന്നും നിലവിലുള്ള സ്‌കൂളുകളില്‍ നിന്നും ഇതിനായി ചില സ്‌കൂളുകളെ തെരഞ്ഞെടുക്കുമെന്നുമാണ് കാംപയിനര്‍മാര്‍ പ്രതീക്ഷിക്കുന്നത്.ഗ്രാമര്‍ സ്‌കൂളുകള്‍ തിരിച്ച് കൊണ്ടു വരില്ലെന്ന കാമറോണിന്റെ കടുംപിടിത്തത്തില്‍ പ്രതിഷേധിച്ച് ഗ്രഹാം ബ്രാഡി 2007 ല്‍ പാര്‍ട്ടിയുടെ ഫ്രന്റ് ബെഞ്ച് വിട്ടിരുന്നു.സ്റ്റേറ്റ് എഡ്യുക്കേഷന്റെ നിലവാരമുയര്‍ത്തുന്ന തീരുമാനമെന്നാണ് തെരേസയുടെ പുതിയ പരിഷ്‌കാരത്തോട് ഗ്രഹാം പ്രതികരിച്ചിരിക്കുന്നത്.അക്കാദമിക് കഴിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്ന പുതിയ ഇംഗ്ലീഷ് ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് 1998ല്‍ ഒരു നിയമം പാസാക്കിക്കൊണ്ടായിരുന്നു ബ്ലെയര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.നിലവില്‍ 3000സ്റ്റേറ്റ് സെക്കന്‍ഡറികള്‍ക്കായി 163 ഗ്രാമര്‍ സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. ഇതിന് പുറമെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 69 ഗ്രാമര്‍ സ്‌കൂളുകളുമുണ്ട്.