ബഹ്റൈൻ : പത്തു വർഷത്തിലധികമായി നാട്ടിൽപോകാനാകാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസൺ ആയി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതെ ആയപ്പോൾ കമ്പനിയിൽ നിന്നും പുറത്തു പോയി ജോലിചെയ്തു തുടങ്ങുകയായിരുന്നു.കഴിഞ്ഞ പത്തു വർഷത്തോളമായി രേഖകൾ ഒന്നും ഇല്ലാതെ ബഹ്റൈനിൽ തുടർന്ന അദ്ദേഹം ജോലിക്കിടയിൽ ലാഡറിൽ നിന്നും വീണു. കാൽമുട്ടിലെ എല്ലു പൊട്ടി സൽമാനിയ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഹോപ്പ് ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട അദ്ദേഹത്തിന് വേണ്ടപരിചരണങ്ങളും ഡിസ്ചാർജ് ആയ ശേഷമുള്ള മരുന്നുൾപ്പെടെയുള്ള സഹായങ്ങളും ഹോപ്പ് നൽകി. വീട്ടിലെ പ്രാരബ്ധം നിമിത്തം ജോലി തുടരാൻ ശ്രമിച്ചെങ്കിലും അതി കഠിനമായ വേദനമൂലം അദ്ദേഹം നാട്ടിലേക്ക് പോകുവാൻ ഹോപ്പിന്റെ സഹായം തേടി.ഹോപ്പ് പ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ് റെഡിയാക്കി. പത്ത് വർഷം വിസയില്ലാതെ കഴിഞ്ഞതിന്റെ എമിഗ്രേഷൻ ഫൈൻ തുക ഹോപ്പ് അടച്ചു. കൂടാതെ യാത്രക്കാവശ്യമായ ടിക്കറ്റും ഹോപ്പ് നൽകി. മാത്രവുമല്ല വെറും കൈയോടെ മടങ്ങിയ അദ്ദേഹത്തിന് യാത്രയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകി ഹോപ്പ് പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കി.