ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും. റെഡ്സോണുകളിൽ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാൽ ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.
വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. ഗർഭിണികൾക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.