സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തി; അറബ് പൗരന് 5 വർഷം തടവ്

റിയാദ് ∙ സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തിയതിന് അറബ് പൗരനു അഞ്ച് വർഷം തടവു ശിക്ഷ നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം പ്രോസിക്യൂഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ അറബ് പൗരൻ അയൽരാജ്യത്തു നിന്നു സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിൽ പങ്കുള്ളതായി കണ്ടെത്തി. ആ രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15,000 റിയാൽ വാങ്ങുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ആളുകളെ കൊണ്ടുപോയാലോ അവർക്ക് അഭയം നൽകിയാലോ എന്തെങ്കിലും സഹായവും സേവനവും നൽകുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.