സൗദി കിരീടാവകാശി ജിദ്ദ വികസന അതോറിറ്റി തലവൻ; മുന്നിൽ വൻ ലക്ഷ്യങ്ങൾ

ജിദ്ദ ∙ ജിദ്ദ വികസന അതോറിറ്റിയുടെ തലവനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചു. സൗദി ഭരണാധിക്കാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് തീരുമാനം. ജിദ്ദ പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് ജിദ്ദ ഗവർണറേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക്‌ രൂപം നൽകുകയും ചെയ്തു. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ മക്ക അമീർ, മക്ക ഡെപ്യൂട്ടി അമീർ, സാംസ്കാരിക മന്ത്രി, ജിദ്ദ ഗവർണർ, വാണിജ്യ മന്ത്രി, ടൂറിസം മന്ത്രി, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ, ജിദ്ദ മേയർ എന്നിവരെയും തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതികൾക്ക് കിരീടാവകാശി നേതൃത്വം നൽകും. പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും സൗദി യുവാക്കൾക്കും സ്ത്രീകൾക്കും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവക്കും. ഹജ്, ഉംറ തീർഥാടകർക്കും ലോകത്തെങ്ങുമുള്ള സന്ദർശകർക്കും വർഷം മുഴുവനും വിശുദ്ധ നഗരമായ മക്കയിലേക്കുള്ള ആദ്യ കവാടമാണ് ജിദ്ദ ഗവർണറേറ്റ്. സൗദി അറേബ്യയുടെ വിഷൻ 2030-ഓടെ അഞ്ചു ദശലക്ഷം ഹജ് തീർഥാടകർക്ക് പുറമേ വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 2022-ൽ 15 ദശലക്ഷമായും 2030-ഓടെ 30 ദശലക്ഷമായും ഉയർത്താൻ രാജ്യം ലക്ഷ്യമിടുന്നുണ്ട്. മക്ക മേഖലയിലെ ഏറ്റവും വലിയ ഗവർണറേറ്റാണ് ജിദ്ദ അതിൽ ഏറ്റവും വലിയ വിമാനത്താവളവും ചെങ്കടൽ തീരത്തെ ഏറ്റവും വലിയ തുറമുഖവും ഉൾപ്പെടുന്നു. കൂടാതെ രാജ്യാന്തര ഫോർമുല 1 റേസുകളുടെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ സർക്യൂട്ടാണ് ജിദ്ദ കോർണിഷ് സർക്യൂട്ട്. നിരവധി വിനോദസഞ്ചാരികളും സാംസ്കാരികവും ചരിത്രപരവുമായ സ്ഥലങ്ങളാൽ ജിദ്ദയെ വ്യത്യസ്തമാക്കുന്നു. ബലദിലെ ചരിത്ര പ്രദേശം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.