പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യത്തിന് പോളണ്ടിൽ 72 മണിക്കൂർ പൂജ സംഘടിപ്പിച്ചു

വാർസൊ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി പോളണ്ടിലെ ബിജെപി കൂട്ടായ്മ 72 മണിക്കൂർ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72–ാം ജന്മദിനത്തെ ഓർമ്മിപ്പിക്കുവാനാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പോളണ്ട് ഘടകത്തിന്റെ ചുമതലയുള്ള ജെ.ജെ. സിംഗ് (പ്രസിഡന്റ്), ചന്ദ്രമോഹൻ നല്ലൂർ (ജനറൽ സെക്രട്ടറി), ഹരീഷ് ലാൽവാനി (വൈസ് പ്രസിഡന്റ്), കുനാൽ ചോക്‌സി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്. പോളണ്ടിലെ നിരവധി ഇന്ത്യക്കാർ വിവിധ സമയങ്ങളിൽ പൂജകളിൽ സംബന്ധിച്ചു. വാർസോയിലെ ഹിന്ദു ഭവൻ മന്ദിറിലാണ് പൂജകൾ നടന്നത്. പോളണ്ടിലെ ബിജെപി സഹയാത്രികർ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിലൂടെ എത്തിയ നാനൂറിലധികം ഇന്ത്യക്കാർക്ക് സഹായമെത്തിക്കുകയും വിവിധ സംഘടനകളെയും സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനു ഇവർ അർഹരാകുകയും ചെയ്തു. പോളണ്ട് മലയാളിയും ഇൻഡോ-പോളണ്ട് ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധിയുമായ ചന്ദ്ര മോഹനാണ് ഇപ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.