കിംസ് ഹെൽത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു; നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ ആദരിച്ചു

മനാമ: കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും മെഡിക്കൽ സെന്ററുകളിലും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. രോഗീപരിചരണത്തിൽ കിംസ് ഹെൽത്ത് പിന്തുടരുന്ന ‘പേഷ്യന്റ് ഫസ്റ്റ്’ നയത്തിന്റെ കരുത്തായ നഴ്സിംഗ് ടീമിനെ ചടങ്ങിൽ ആദരിച്ചു. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമ്മദ് ജവാഹേരി, ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷെരീഫ് എം. സഹദുല്ല, ചീഫ് നഴ്സിംഗ് ഓഫീസർ സൈറ അലക്സാണ്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്. ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു.

രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകുന്നതിനായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ സേവനങ്ങളെ ചടങ്ങിൽ അനുമോദിച്ചു. മികച്ച പ്രൊഫഷണലിസവും അർപ്പണബോധവും കാഴ്ചവെച്ച നഴ്സിംഗ് ജീവനക്കാർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷെരീഫ് എം. സഹദുല്ല തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. നഴ്സുമാരുടെ സഹാനുഭൂതിയും മനക്കരുത്തും രോഗികളുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.