സ്തനാർബുദ ബോധവൽക്കരണത്തിന് കൈകോർത്തു മസ്‌കറ്റ് ഫാർമസിയും ഒമാൻ ക്യാൻസർ അസോസിയേഷനും

രോഗം നേരത്തേ കണ്ടെത്താൻ സൗജന്യ മാമോഗ്രാം പരിശോധന; 75 പേർ പങ്കെടുത്തു

മസ്‌കറ്റ്: സ്തനാർബുദ ബോധവൽക്കരണത്തിനും രോഗം നേരത്തേ കണ്ടെത്തുന്നതിനുമായി മസ്‌കറ്റ് ഫാർമസി എൽ.എൽ.സിയും ഒമാൻ ക്യാൻസർ അസോസിയേഷനും കൈകോർത്തു. സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് ഒക്ടോബർ 25-ന് സംഘടിപ്പിച്ച ക്യാമ്പയിനിൽ സ്തനാരോഗ്യത്തിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി.സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. രാജശ്രീ നാരായണൻകുട്ടി നയിച്ച ബോധവൽക്കരണ സെഷനായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ‘എ.ബി.സി.-ഡി.ഇ. — ആനുവൽ ബ്രെസ്റ്റ് ചെക്ക്, ഡിറ്റക്ട് ഏർലി’ എന്ന വിഷയത്തിൽ സംസാരിച്ച അവർ സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും രോഗലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും അവർ നിർദേശിച്ചു.75 പേർ പങ്കെടുത്ത ക്യാമ്പയിനിന്റെ ഭാഗമായി മസ്‌കറ്റ് ഫാർമസിയുടെ ഹെഡ് ഓഫീസിൽ മൊബൈൽ മാമോഗ്രഫി യൂണിറ്റ് സജ്ജീകരിച്ച് ജീവനക്കാർക്കായി സൗജന്യ മാമോഗ്രാം പരിശോധനകളും നടത്തി. റേഡിയോഗ്രാഫർ സോന അഗസ്റ്റിന്റെ നേതൃത്വത്തിൽ 20 മാമോഗ്രാം പരിശോധനകൾ പൂർത്തിയാക്കി. പ്രതിരോധ ആരോഗ്യപരിചരണത്തിന് പ്രാധാന്യം നൽകുകയും പരിശോധനാ സൗകര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

മസ്‌കറ്റ് ഫാർമസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോസ് ശ്രീധരൻ, ചീഫ് സപ്ലൈ ചെയിൻ ഓഫീസർ ഗ്രേസൺ പോൾ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈരാലി മേത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ പങ്കജ് സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പയിൻ.കമ്പനിയുടെ പീപ്പിൾ ആൻഡ് കൾച്ചർ വിഭാഗം മേധാവി ഫൈസൽ അൽ ബലൂഷി, പീപ്പിൾ ആൻഡ് കൾച്ചർ ലീഡ് മൈമൂന അൽ ബലൂഷി, എംപ്ലോയി എൻഗേജ്‌മെന്റ് ലീഡ് മറിയം അൽ ബലൂഷി, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി മേധാവി ഗോഡ്‌വിൻ ജോസഫ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.ക്യാമ്പയിൻ വിജയകരമാക്കാൻ സഹകരിച്ച ഒമാൻ ക്യാൻസർ അസോസിയേഷൻ, ഡോ. രാജശ്രീ നാരായണൻകുട്ടി, റേഡിയോഗ്രാഫർ സോന അഗസ്റ്റിൻ, മാനേജ്‌മെന്റ് അംഗങ്ങൾ, ജീവനക്കാർ എന്നിവർക്കു മസ്‌കറ്റ് ഫാർമസി നന്ദി അറിയിച്ചു.ജീവനക്കാരുടെ ക്ഷേമവും പൊതുസമൂഹത്തിന്റെ ആരോഗ്യവും മുൻനിർത്തി ബോധവൽക്കരണ-രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും മസ്‌കറ്റ് ഫാർമസി വ്യക്തമാക്കി. ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധം, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, സമയബന്ധിതമായി പരിശോധനകൾ നടത്തുക, ആവശ്യമായ ചികിത്സ നേരത്തേ ലഭ്യമാക്കുക എന്നിവയിലൂടെ സ്തനാർബുദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകുമെന്ന സന്ദേശത്തോടെയാണ് ക്യാമ്പയിൻ ശ്രദ്ധേയമായത്.