
ഒമാനിൽ എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയന്റെ നേതൃത്വത്തിൽ ഗുരുവർഷം 172 വിപുലമായി ആഘോഷിച്ചു
മസ്കറ്റ്: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഗുരുവർഷം 172’ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഗൾഫ് കോളേജ് അങ്കണത്തിൽ നടന്ന ആഘോഷത്തിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി.ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനങ്ങളും സന്ദേശങ്ങളും ലോകമെമ്പാടും എത്തിക്കേണ്ടത് തന്റെ ജീവിതലക്ഷ്യങ്ങളിലൊന്നാണെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. ഗുരുദേവന്റെ ആശയങ്ങൾ കാലാതിവർത്തിയാണെന്നും മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് ഇന്ന് ഏറെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുപ്പത്തിൽ പിതാവ് ഉമ്മൻ ചാണ്ടിയോടൊപ്പം ശിവഗിരി സന്ദർശിച്ച അനുഭവവും എം.എൽ.എയായ ശേഷമുള്ള സന്ദർശനവും അദ്ദേഹം അനുസ്മരിച്ചു. ഗുരുദേവന്റെ ദർശനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി വത്തിക്കാൻ, ഓസ്ട്രേലിയ, മൗറീഷ്യസ്, യു.എ.ഇ. തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനാനുഭവങ്ങളും പങ്കുവെച്ചു. ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സമീപനമാണ് ലോകത്തിന് ആവശ്യമെന്നും ഗുരുദേവൻ മുന്നോട്ടുവെച്ച സർവമത സൗഹാർദത്തിന്റെയും മനുഷ്യ ഐക്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ശക്തമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളിലേക്ക് ചെറുപ്പം മുതൽ ഗുരുദേവന്റെ മാനവിക സന്ദേശങ്ങൾ പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യവും ചാണ്ടി ഉമ്മൻ എടുത്തുപറഞ്ഞു. എസ്.എൻ.ഡി.പി. ഒമാൻ യൂണിയന്റെ പരിപാടികളിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഒരുമിച്ച് പ്രവർത്തിക്കുന്നത് മതസൗഹാർദത്തിന്റെ പ്രായോഗിക മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുദേവ ദർശനം കാലാതിവർത്തിയായ മാനവിക സന്ദേശം: പി.ടി. മന്മഥൻ
ഗുരുദേവന്റെ ലോകദർശനം കാലാതിവർത്തിയാണെന്നും ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് അതിന്റെ മഹത്വമെന്നും എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ പറഞ്ഞു. ആശംസാപ്രസംഗത്തിൽ ഗുരുദേവന്റെ സമഗ്രമായ സംഭാവനകൾ അനുസ്മരിച്ച അദ്ദേഹം, ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യവും വിശദീകരിച്ചു.“വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയുവാനും അറിയിക്കുവാനുമാണ്” എന്ന ഗുരുദേവ സന്ദേശം ഉദ്ധരിച്ച അദ്ദേഹം, വിവിധ മതവിശ്വാസികൾ തമ്മിൽ പരസ്പര ബഹുമാനവും അറിവും വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ദൈവത്തെ വ്യത്യസ്ത പേരുകളിൽ വിളിക്കുമ്പോഴും മനുഷ്യരെ തമ്മിൽ അകറ്റാതെ അടുപ്പിക്കുന്ന ആത്മീയ സത്യവും മാനവികതയും തിരിച്ചറിയണമെന്നതാണ് ഗുരുദേവ ദർശനത്തിന്റെ അന്തഃസത്തയെന്നും അദ്ദേഹം പറഞ്ഞു.
ആത്മോപദേശശതകത്തിലെ മാനവിക സന്ദേശം വിശദീകരിച്ച് അനു ചന്ദ്രൻ
മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ ഗുരുദേവന്റെ ദാർശനിക കൃതിയായ ആത്മോപദേശശതകത്തിലെ മാനവിക മൂല്യങ്ങളും ജീവിതദർശനവും വിശദീകരിച്ചു. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന ഗുരുദേവ വചനം ഉദ്ധരിച്ച അദ്ദേഹം, സ്വന്തം സന്തോഷത്തിനും നന്മയ്ക്കുമായി ചെയ്യുന്ന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്നതാണ് ഗുരുദേവൻ പഠിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. സഹജീവികളുടെ ക്ഷേമവും സന്തോഷവും പരിഗണിക്കുന്ന ജീവിതശൈലിയാണ് യഥാർഥ മാനവികതയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മികവുതെളിയിച്ച വിദ്യാർഥികൾക്ക് ആദരം
വിദ്യാഭ്യാസ, കായിക, കലാ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചതും ഗുരുവർഷം 172 ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. എസ്.എൻ.ഡി.പി. ഒമാൻ യൂണിയനു കീഴിലുള്ള വിവിധ ശാഖകളിൽനിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ പരീക്ഷകൾ ഉൾപ്പെടെയുള്ളവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. കായിക-കലാ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെയും അനുമോദിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.
കലാപരിപാടികളും സംഗീതവിരുന്നും
ഒമാനിലെ വിവിധ എസ്.എൻ.ഡി.പി. ശാഖകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് നിറംപകർന്നു. ഫ്ലവേഴ്സ് ടി.വിയിലൂടെ ശ്രദ്ധേയരായ ഗായകരായ സബാ മൂണും ദേവനാരായണനും അവതരിപ്പിച്ച സംഗീതവിരുന്ന് സദസ്സിന്റെ ശ്രദ്ധയാകർഷിച്ചു.എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ജി. രാജേഷ് സ്വാഗതം ആശംസിച്ചു. യൂണിയൻ കോർ കമ്മിറ്റി അംഗങ്ങളായ ഡി. മുരളീധരൻ, കെ.ആർ. റിനേഷ്, ബി. ഹർഷകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വസന്തകുമാർ എന്നിവരടക്കം യൂണിയൻ ഭാരവാഹികളും വിവിധ ശാഖാ പ്രതിനിധികളും പ്രവർത്തകരും ആഘോഷത്തിന്റെ വിജയത്തിനായി നേതൃത്വം നൽകി.ഗുരുദേവന്റെ മാനവികത, സമത്വം, മതസൗഹാർദം എന്നീ സന്ദേശങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്ന വേദിയായി ഗുരുവർഷം 172 മാറി. ജാതിമത വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിനും സഹോദര്യത്തിനും പ്രാധാന്യം നൽകണമെന്ന ഗുരുദേവ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ആഘോഷം സമാപിച്ചത്.







