കൈരളി നികേതന്‍ ക്ലാസുകൾ സെപ്റ്റംബര്‍ 17ന് ആരംഭിക്കും

വിയന്ന ∙ പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്ട്രിയയിലെ സിറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പുതിയ കോഴ്സുകളുമായി സെപ്റ്റംബര്‍ 17ന് തുറക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2 മുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 24 വരെ പ്രവേശനാനുമതിക്ക് അപേക്ഷ നല്‍കാം.

വിയന്നയിലെ ഒന്നാമത്തെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഇനിമുതല്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിക്കും. 21-മത്തെ ജില്ലയിലുള്ള ഫ്രാങ്ക്‌ളിന്‍ സ്ട്രാസെ 26-ല്‍ (ബുണ്ടസ്ജിംനാസ്യം) എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകിട്ട് 5 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കും. മലയാളം, മലയാളം സംഭാഷണം, ചെസ്, ചിത്രരചന, ക്ലാസിക്കല്‍ മോഡേണ്‍ ഡാന്‍സ് എന്നിവയ്ക്ക് പുറമെ ഈ വര്‍ഷം 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാസ്‌കറ്റ്ബാള്‍ കോച്ചിങും ഉണ്ടായിരിക്കും.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24 മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു.