തിരുവനന്തപുരം : നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാൻ നോർക്ക ആരംഭിച്ച ഹെൽപ്ഡെസ്ക്കിൽ ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org എന്ന വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ഇന്നലെ വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്കും ക്വാറന്റീനും ആവശ്യമായ സജ്ജീകരണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെൽഫയര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനഃരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.