കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയിൽ 19കാരിയെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വാക്കത്തികൊണ്ട് പെൺകുട്ടിയെ വെട്ടുകയായിരുന്നു. ഇരിങ്ങോൾ സ്വദേശി ബേസിൽ എന്ന് വിളിക്കുന്ന എൽദോസ് ആണ് പ്രതി.ആൽക്കയും ബേസിലും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്.
കൂട്ടുമഠം കാണിയാട് വീട്ടിൽ ബിനു – മഞ്ജു ദമ്പതികളുടെ മകളായ അൽക്ക കോലഞ്ചേരിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. സംഭവ സമയത്ത് അൽക്കയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.പിടിവലിക്കിടെ പെൺകുട്ടിയുടെ അമ്മയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു.പ്രണയത്തെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർപോർച്ചിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ബേസിൽ ആത്മഹത്യ ചെയ്തിരുന്നു.