കൊച്ചി : മുതിർന്ന സി.പി.എം നേതാവും പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.45 ഓടെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടായിരത്തി ഒന്നുമുതൽ പതിനാറു വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സി.പി.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ആഗസ്റ്റ് 28നാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനം കഴിഞ്ഞിരുന്നു.
കണ്ണൂർ ജില്ലയിൽ അധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നായിരുന്നു അദ്ദേഹം ജനിച്ചത്.
കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും മാഹി മഹാത്മാഗാന്ധി ഗവ. കോളജിൽനിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദവും നേടി. വിദ്യാർഥി കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ സജീവമായ കോടിയേരി പടിപടിയായി പാർട്ടിയുടെ ഉന്നത പദവിയിൽ എത്തപെടുകയായിരുന്നു .
1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്റിന്റെ ചുമതല വഹിച്ചു. 1988ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.
സി.പി.എം നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി. രാജഗോപാലിന്റെ മകൾ ആയ എസ്.ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്.