ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ക്രെസ്റ്റൺ മേനോൻ അൽ ദോഹ്; ആഗോള നിക്ഷേപങ്ങൾക്ക് പിന്തുണയേകും

മസ്കറ്റ്: ആഗോള നിക്ഷേപകരെ ഒമാനിലെ ബിസിനസ് അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഒമാനി കമ്പനികളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന് പിന്തുണ നൽകുന്നതിനുമായി ക്രെസ്റ്റൺ ഗ്ലോബലും ക്രെസ്റ്റൺ മേനോൻ അൽ ദോഹും സഹകരിക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 27ന് മസ്കറ്റിൽ നടക്കും. ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീസോണുകളുടെയും പബ്ലിക് അതോറിറ്റി ചെയർമാൻ ഖൈസ് അൽ യൂസഫിന്റെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. അലി അൽ ദോഹിന്റെ പ്രാദേശിക വൈദഗ്ധ്യവും ക്രെസ്റ്റൺ മേനോന്റെ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും ക്രെസ്റ്റൺ ഗ്ലോബലിന്റെ അന്താരാഷ്ട്ര ശൃംഖലയും സംയോജിപ്പിച്ചാണ് സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ആഗോള നിക്ഷേപകരെ ഒമാനിലെ നിക്ഷേപ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഒമാനി കമ്പനികൾക്ക് വിദേശ വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നതിനും ആവശ്യമായ പിന്തുണ നൽകും. ഓഡിറ്റ്, നികുതി, സാമ്പത്തിക ഉപദേശക സേവനങ്ങൾ, സാങ്കേതികവിദ്യാ കൺസൾട്ടിംഗ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും സേവനങ്ങൾ ലഭ്യമാക്കും. നിക്ഷേപ കേന്ദ്രമെന്ന നിലയിലും പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ബിസിനസുകളുടെ പ്രവർത്തനകേന്ദ്രമെന്ന നിലയിലും ഒമാന് വലിയ സാധ്യതകളുണ്ടെന്ന് ക്രെസ്റ്റൺ മേനോൻ ചെയർമാൻ രാജു മേനോൻ പറഞ്ഞു.

ഒമാനിലെ ബിസിനസ് മേഖലയുടെയും വിപണിയുടെയും പ്രത്യേകതകളെക്കുറിച്ച് വർഷങ്ങളായുള്ള പ്രവർത്തനത്തിലൂടെ ആഴത്തിലുള്ള ധാരണ നേടിയിട്ടുണ്ടെന്ന് ക്രെസ്റ്റൺ മേനോൻ അൽ ദോഹ് ഡയറക്ടർ മുഹമ്മദ് അൽ ദോഹ് വ്യക്തമാക്കി.സഹകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് നാലാമത് ക്രെസ്റ്റൺ മിഡിൽ ഈസ്റ്റ് കോൺക്ലേവും മസ്കറ്റിൽ സംഘടിപ്പിക്കും. 20 രാജ്യങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ആഗോള സാമ്പത്തിക രംഗത്തെ പുതിയ സംഭവവികാസങ്ങൾ, രാജ്യാന്തര നിക്ഷേപാവസരങ്ങൾ, ക്രെസ്റ്റൺ അംഗസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.ഒമാന്റെ സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപ സാധ്യതകളും അന്താരാഷ്ട്ര പ്രതിനിധികൾക്ക് അടുത്തറിയാൻ സമ്മേളനം അവസരമൊരുക്കും. ക്രെസ്റ്റൺ ഗ്ലോബലിന്റെ അന്താരാഷ്ട്ര ശൃംഖലയിലൂടെയുള്ള ബന്ധങ്ങളെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന യഥാർത്ഥ ബിസിനസ് അവസരങ്ങളാക്കി മാറ്റുകയാണ് മസ്കറ്റ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് ക്രെസ്റ്റൺ മിഡിൽ ഈസ്റ്റ് ചെയർ സുധീർ കുമാർ പറഞ്ഞു. മസ്കറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സുധീർ കുമാർ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജു മേനോൻ, അസോസിയേറ്റ് പാർട്ണർമാരായ അരവിന്ദ് മേനോൻ, കെ.ആർ. രാജേന്ദ്രൻ, സീനിയർ പാർട്ണർ ബിജു നായർ, ഡയറക്ടർ ഗോവിന്ദ് മേനോൻ എന്നിവർ പങ്കെടുത്തു.