
മനാമ: ബഹ്റൈനിലെ കുടുംബ കൂട്ടായ്മയായ കുടുംബ സൗഹൃദ വേദി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഈദ് ദിനാഘോഷത്തോടനുബന്ധിച്ച് സൽമാനിയ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
“രക്തദാനം ഒരു മഹാദാനമാണ്, ഒരു ജീവൻ നിലനിർത്താൻ രക്തം നൽകാൻ നമ്മൾ തയ്യാറാകണം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 2026 മേയ് 29 വെള്ളിയാഴ്ച രാവിലെ 7 മുതൽ നടന്ന ക്യാമ്പിൽ ഏകദേശം 75 ഓളം പേർ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു.
അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. രക്ഷാധികാരി അജിത് കണ്ണൂർ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ ജി, മെമ്പർഷിപ്പ് സെക്രട്ടറി അജിത് മണക്കാല, മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്, ചാരിറ്റി കൺവീനർ സയിദ് ഹനിഫ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജനറൽ ഓഡിറ്റർ മൻഷീർ കൊണ്ടോട്ടി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് അരുർ, ദേവി ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാന ക്യാമ്പുമായി സഹകരിച്ച സന്നദ്ധ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും അസോസിയേഷൻ നന്ദി അറിയിച്ചു. ബഹ്റൈൻ പൊതു സമൂഹത്തിനായി നല്ല പ്രവർത്തനങ്ങളുമായി കുടുംബ സൗഹൃദ വേദി തുടർന്നും ഒപ്പമുണ്ടാകുമെന്ന സന്ദേശം ഈ ക്യാമ്പിലൂടെ നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ വ്യക്തമാക്കി.







