സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ. ഫാമിലി, ഡിപ്പെൻഡന്റ് വിസകൾ അനുവദിക്കുന്നതിന് സ്പോൺസർക്ക് ചുരുങ്ങിയത് 800 ദിനാർ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യൻ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഈ നിയമം താമസിയാതെ തന്നെ നിലവിൽ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആർട്ടിക്ക് 17, 18 വിസകളിലുള്ള എല്ലാ പ്രവാസികൾക്കും ഈ നിബന്ധന ബാധകമാവുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാമിലി വിസയ്ക്ക് അപേക്ഷ നൽകുന്ന പ്രവാസികൾ ശമ്പളം തെളിയിക്കുന്നതിന് ഒറിജിനൽ വർക്ക് പെർമിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതിൽ 800 ദിനാർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഇതിൽ രേഖപ്പെടുത്തിയതിനേക്കാൾ അധിക ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വർക്ക് പെർമിറ്റിൽ 800 ദിനാർ ഇല്ലെങ്കിൽ അത് പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു.
മലയാളികൾക്ക് ഉൾപ്പെടെ ഭൂരിപക്ഷം വരുന്ന പ്രവാസികൾക്ക് തിരിച്ചടിയാവുന്ന തീരുമാനമായിരിക്കും ഇത്. ഈ നിയമം നിലവിൽ വരുന്നതോടെ മിക്കവാറും പേർക്ക് തങ്ങളുടെ കുടുംബക്കാരെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ കഴിയാതെ വരും. 800 ദിനാർ ശമ്പളം വാങ്ങുന്നവരാണെങ്കിൽ പോലും അത് വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അതുകൊണ്ട് കാര്യമുണ്ടാവില്ല. നിലവിൽ 800ൽ കുറവ് ശമ്പളമുള്ള പ്രവാസികളുടെ കുവൈറ്റിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും സ്ഥിതി എന്താകുമെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.
നിലവിൽ 500 ദിനാറാണ് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന് പ്രവാസികൾക്കുണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം. അഥവാ ഒന്നേകാൽ ലക്ഷത്തിലേറെ ഇന്ത്യൻ രൂപ. എന്നാൽ അത് 800 റിയാലായി ഉയർത്തുന്നതോടെ ഭൂരിപക്ഷം പ്രവാസികൾക്കും ഇതിനുള്ള യോഗ്യത ഇല്ലാതായിത്തീരും. ഉയർന്ന വരുമാനമുള്ളവരും കുടുംബത്തിന് കുവൈറ്റിൽ മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യാൻ കഴിയുന്നവരുമായ പ്രവാസികൾ മാത്രം കുടുംബത്തെ കൊണ്ടുവന്നാൽ മതിയെന്ന നിലപാടാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. രാജ്യത്തെ പ്രവാസി ജനസംഖ്യ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുടുംബ വിസയിൽ വരുന്നവർ പുതിയ ജോലി തേടി ഇറങ്ങുന്നത് രാജ്യത്തെ തൊഴിൽ കമ്പോളത്തിന്റെ താളം തെറ്റിക്കുമെന്നും അധികൃതർ വിലയിരുത്തുന്നുണ്ട്. അതിനാൽ നല്ല ശമ്പളം ഉള്ളവരും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കേണ്ട ആവശ്യമില്ലാത്തവരുമായ പ്രവാസികൾ മാത്രം അവരെ കൊണ്ടുവന്നാൽ മതിയെന്ന നിലപാടിലാണ് അധികൃതരെന്ന് അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.