കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കുവൈത്ത് തീര സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. ലോഞ്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുനൈതീസ് കടലോരത്ത് ഇവരെ ഇറക്കാനുള്ള ശ്രമം നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുകയായിരുന്നു.
ഉടന്‍ ആഭ്യന്തരമന്ത്രാലത്തിന്െറ കണ്ട്രോള് റൂമിലേക്ക് വിവരം നല്കി. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറയും അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറയും നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് തന്ത്രത്തില്‍ ഇറാനികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഒമ്പത് നുഴഞ്ഞുകയറ്റക്കാരും ലോഞ്ച് ഓടിച്ചയാളുമാണ് കസ്റ്റഡിയിലായത്. ഇവരെ തെളിവെടുപ്പുകള്‍ക്കായി ആഭ്യന്തര വകുപ്പിന്‍െറ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.