മസ്കറ്റ്: ശക്തി കുറഞ്ഞ ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ അകലെ. റാസ് മദ്റാഖ് തീരത്ത് നിന്നുള്ള ദൂരമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്. മഴമേഘങ്ങള്‍ 360 കിലോമീറ്റര്‍ അകലെയാണുള്ളത്. 25 മുതല്‍ 45 നോട്ട് വരെ വേഗതയില്‍ എപ്പോഴും കാറ്റ് വീശുന്നതിനാല്‍ കാഴ്ചാപരിധിയെ ബാധിക്കും.
തിരമാല അഞ്ചു മീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ താഴ്ന്ന തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്. അറബിക്കടലിന്റെ തീരത്തെ തിരകള്‍ ആറ് മുതല്‍ എട്ട് വരെ മീറ്റര്‍ ഉയരാന്‍ ഇടയുണ്ട്.
നിലവിലെ സാഹചര്യം ബുധനാഴ്ചയും തുടരുമെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലയിലും താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
എന്നാല്‍, മസീറ ദ്വീപില്‍ ജനങ്ങളെ ഒഴിപ്പിച്ചെന്ന വാര്‍ത്ത മസീറ വാലി ഷെയ്ഖ് തലാല്‍ ബിന്‍ സെയ്ഫ് അല്‍ ഹുസ്നി നിഷേധിച്ചു. ക്യാറിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ പ്രതീക്ഷിക്കുന്നതിനാല്‍ മസീറ ദ്വീപില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.