ലണ്ടന്‍ : വൂസ്റ്റര്‍ മലയാളികളെ കണ്ണീരിലാഴ്ത്തി യാത്രയായ കോട്ടയം കുറുപ്പുന്തറ സ്വദേശിനി ലിസമ്മ ജോസി(52)ന്റെ മൃതദേഹം ഇന്ന് വൂസ്റ്റര്‍ സെന്റ്. ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പരേതയുടെ ആത്മശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ഉച്ച കഴിഞ്ഞു മൂന്നു മണിക്കാണ് കര്‍മ്മങ്ങള്‍ നടക്കുക. വൂസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു ലിസമ്മ ചേച്ചി. വൂസ്റ്ററിലെ മലയാളി കൂട്ടായ്മ ഒന്നായി ചേര്‍ന്ന് ലിസമ്മക്ക് പ്രാര്‍ത്ഥനയോടെ വിട നല്‍കും.
ഏറെ നാളായി കാന്‍സര്‍ രോഗം മൂലം ചികിത്സയിലായിരുന്നു ലിസമ്മ. വൈക്കം ആലിന്ച്ചുവട്ടില് ജോസ് വര്‍ഗീസിന്റെ ഭാര്യയാണ് മരിച്ച ലിസമ്മ. 2003 മുതല്‍ വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. യുകെയില്‍ എത്തും മുന്‍പ് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ലിസമ്മ 2004ല്‍ ആണ് ഇവിടെയെത്തിയത്. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ലിസ്മി ജോസ്, വെയില്‍സ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായ ജെസ്ലി ജോസ്, എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ജെസ്വിന് ജോസ് തുടങ്ങിയവരാണ് മക്കള്‍.
മാന്‍വെട്ടം കാരിക്കാമുകളേല്‍ കുടുംബാംഗം ആണ് ലിസമ്മ. കെ.ജെ പോള്‍ മാന്‍വെട്ടം, കുട്ടിയമ്മ തോമസ് (ഹൈദരാബാദ്), സിറിയക്ക് ജോസഫ് (യു.എസ.എ) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനത്തിനു ശേഷം സംസ്ക്കാരം പിന്നീട് വൈക്കം ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ നടക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിലിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.
പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം:
St. George Catholic Church, 1 Sansome Place, Worcester, WR1 JUG
പാര്‍ക്കിങ് സൗകര്യം:
St Martins Gate, City Walls Road, Worcester, WR1 2BS