ലണ്ടന്‍ : ബ്രെക്സിറ്റ് ഹിതപരിശോധന ലണ്ടനിലെ ജനജീവിതത്തിന് ഗുണകരമായെന്നു പഠനങ്ങള്‍. ലോകത്തു ജീവിത ചിലവ് ഏറ്റവും കൂടിയ നഗരമായിരുന്ന ലണ്ടന്‍ ബ്രെക്സിറ്റ് ഹിത പരിശോധനയ്ക്കു ശേഷം മൂന്നാം സ്ഥാനത്തായി. ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ . ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍, പാരീസ്, ടോക്കിയോ, സാന്‍ഫ്രാന്‍സിസ്കോ, ലൊസാഞ്ചല്‍സ്, ദുബായ്, സിഡ്നി, മിയാമി എന്നിവയാണ് ആദ്യ പത്തില്‍.
ബ്രെക്സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന്റെ വില ഇടിഞ്ഞതാണ് ലണ്ടനില്‍ ജീവിത ചിലവ് കുറയാന്‍ കാരണം. ലണ്ടന്‍ നഗരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ ചിലവ് കുറഞ്ഞു. ലണ്ടനില്‍ താമസിച്ചു ജോലിചെയ്യുന്ന ഒരാള്‍ക്കു ജീവിതച്ചെലവും ഓഫിസ് സൗകര്യങ്ങളുമടക്കം ശരാശരി ചെലവാകുന്ന തുക 71,000 പൗണ്ടാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ന്യൂയോര്‍ക്കില്‍ ഇതു 90,700 പൗണ്ടും ഹോങ്കോങ്ങിര്‍ 85,000 പൗണ്ടുമാണ്. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട്, വൈ ആന്‍ഡ് ആര് ബാവ് കണ്‍സള്‍ട്ടിങ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദരാണ് പഠനം നടത്തിയത്.മറ്റൊരു പഠനത്തില്‍ ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ പറ്റിയ രാജ്യമെന്ന സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡ് നേടി. ജര്‍മനി, കാനഡ, ബ്രിട്ടണ് , ജപ്പാന് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് സ്വിറ്റ്സര്‍ലന്‍ഡ് ഈ ബഹുമതി കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷം പട്ടികയില്‍ നാലാംസ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഏഴാം സ്ഥാനത്തായി. ട്രംപിന്റെ നയങ്ങളാണ് ഇതിനു കാരണമെന്നാണ് അനുമാനം. ഈ പട്ടികയില്‍ ഇരുപത്തഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.