മസ്കറ്റ് : അർബുദത്തെ തുടർന്ന് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസിന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ് വെള്ളിയാഴ്ച രാത്രി നിര്യാതനായത്. ഒമാൻ ലുലു എക്സ്ചേഞ്ച് മസ്കത്ത് ഏരിയാ മാനേജരായിരുന്നു. അർബുദം ബാധിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തിലധികമായി ചികിത്സയിൽ ആയിരുന്നു.നാട്ടിലായിരുന്നു ചികിത്സ നടത്തിയത്. ചികിത്സക്കായി നാട്ടിൽ പോകാനിരുന്ന സമയത്താണ് ഇന്ത്യയിൽ ലോക്ഡൗണും അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് വിലക്കും നിലവിൽ വന്നത്. ഇതോടെ ചികിത്സ മുടങ്ങി.അസുഖം മൂർധന്യാവസ്ഥയിൽ എത്തിയതിനെ തുടർന്ന് ഒരു മാസത്തോളമായി മസ്കത്തിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോയലിനെ നാട്ടിൽ എത്തിക്കാനുള്ള സാധ്യതകൾ തേടി എംബസിയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധപ്പെട്ടിരുന്നെങ്കിലും നടന്നില്ല.ഗർഭിണിയായ ഭാര്യ ഡയാനയും മൂന്ന് മക്കളും മസ്കത്തിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.