വിലക്കയറ്റം തടയാൻ; ഒമാനിൽ വിപണി നിരീക്ഷണം ശക്തം

മസ്കത്ത്: രാജ്യത്ത് അനാവശ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഒമാൻ വിപണി നിരീക്ഷണം ശക്തമാക്കി. വിപണി സാഹചര്യങ്ങളും വിതരണ ശൃംഖലയും സാമ്പത്തിക മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുമ്പോഴും ഒമാനിലെ പണപ്പെരുപ്പം 2.9 ശതമാനത്തിൽ നിയന്ത്രിക്കാൻ സാധിച്ചതായി സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ഒമാന്റെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമാണ്. ഇതേ കാലയളവിൽ അന്താരാഷ്ട്ര നാണയനിധി പ്രവചിച്ച ആഗോള ശരാശരിയായ 4.7 ശതമാനത്തേക്കാൾ താഴെയാണിത്.ആഗോള വിപണിയിലെ മാറ്റങ്ങളുടെ ആഘാതം പ്രാദേശിക വിപണിയിൽ കുറയ്ക്കുന്നതിനാണ് സർക്കാർ ഇടപെടലുകൾ ശക്തമാക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഗതാഗത, ലോജിസ്റ്റിക്സ് ചെലവുകൾ വർധിപ്പിക്കുന്നതായി സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മഅ്‌വാലി പറഞ്ഞു.ആഗോള വിപണിയുമായി അടുത്ത ബന്ധമുള്ള സമ്പദ്‌വ്യവസ്ഥയായതിനാൽ ഇത്തരം മാറ്റങ്ങൾ ഒമാനെയും ബാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും വിപണി സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര സാമ്പത്തിക സമീപനമാണ് രാജ്യം പിന്തുടരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.