മത്ര കേബിൾ കാർ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും

മസ്‌കത്തിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ മത്ര കേബിൾ കാർ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു . സോഫ്റ്റ് ഓപ്പണിംഗിന്റെ ഭാഗമായി സന്ദർശകർക്ക് കേബിൾ കാർ യാത്ര നടത്താം.രണ്ട് വി ഐ പി കാബിനുകൾ ഉൾപ്പെടെ 18 കാബിനുകളുള്ള സംവിധാനത്തിൽ മണിക്കൂറിൽ 800 യാത്രക്കാരെ വരെ വഹിക്കാനാകും. മത്ര ഫിഷ് മാർക്കറ്റിന് സമീപത്തെ പോർട്ട് സ്റ്റേഷനിൽനിന്ന് അൽ റിയാം പാർക്ക് വഴി മസ്‌കത്ത് ഗേറ്റിന് സമീപമാണ് യാത്ര. ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെയും വ്യാഴം മുതൽ ശനി വരെ വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തനസമയം.ഒമാനി പൗരന്മാർക്കും താമസക്കാർക്കും 12 വയസ്സിന് മുകളിലുള്ളവർക്ക് 8.4 റിയാലും രണ്ടു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 4.2 റിയാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ടു വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കും. വിനോദസഞ്ചാരികൾക്ക് മുതിർന്നവർക്ക് 10.8 റിയാലും കുട്ടികൾക്ക് 5.4 റിയാലുമാണ് നിരക്ക്. മത്രയുടെ മനോഹരമായ കാഴ്ചകൾ ആകാശയാത്രയിലൂടെ ആസ്വദിക്കാനാകുന്ന പദ്ധതി നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷ.