റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മമോദി സൗദി അറേബ്യയിലെത്തിചേർന്നു.സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം 24 മണിക്കൂർകൊണ്ട് ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മടങ്ങും. റിയാദിൽ ചൊവ്വാഴ്ച (ഇന്ന് ) ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്’ സമ്മേളനത്തിൽ മോദി മുഖ്യപ്രഭാഷണം നിർവഹിക്കും.അദ്ദേഹം സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയിൽനിന്ന് ഉന്നതതല പ്രതിനിധി സംഘവുമായെത്തുന്ന അദ്ദേഹം വിവിധ സൗദി മന്ത്രിമാരും വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും.
ഇന്ന് രാവിലെ മുതൽ തന്നെ തിരക്കിട്ട പരിപാടികളാണ് പ്രധാന മന്ത്രിക്കുള്ളത്.രാവിലെ ഏതാനും സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.ഉച്ചക്ക് സൽമാൻ രാജാവൊരുക്കുന്ന വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ ഉടമ്പടി ഒപ്പുവെക്കും.കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഉച്ചകഴിഞ്ഞ് ആഗോള നിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യും. ഫലത്തിൽ ഒറ്റ ദിവസത്തെ പരിപാടികൾ മാത്രമാണ് രണ്ടാം സന്ദർശനത്തിൽ മോദിക്കുള്ളത്. തിരക്കിട്ട ഈ നീക്കങ്ങൾക്കിടയിൽ ഇന്ത്യൻ എംബസി സന്ദർശിക്കലോ പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യലോ ഉണ്ടാവില്ലെന്നാണ് സൂചന. എങ്കിലും അപ്രതീക്ഷിതമായി ഇന്ത്യക്കാരുടെ ലേബർ ക്യാമ്പ് സന്ദർശിക്കാനും സാധ്യത ഉള്ളതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
സന്ദർശനത്തിനിടെ വിവിധ ഇന്ത്യ- സൗദി വ്യാപാര കരാറുകളിൽ ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാൻ പദ്ധതിയിട്ട ഓയിൽ റിഫൈനറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്ലെറ്റുകൾ സൗദിയിൽ തുടങ്ങാനും കരാർ ഒപ്പുവെക്കുമെന്നാണ് വിവരം. ‘റുപിയാ കാർഡിന്റെ’ ഒൗദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി
നിർവഹിക്കും.തുടർന്ന് രാത്രിയിൽ കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിച്ച ശേഷം രാത്രിയിൽതന്നെ ഡൽഹിയിലേക്ക് മടങ്ങും