മസ്കത്ത്: സ്റ്റേറ്റ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മസ്കത്ത് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ എന്‍.ആര്‍.ഐ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. 300 ലേറെ ഉപഭോക്താക്കള്‍ പങ്കെടുത്ത സംഗമത്തില്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് മാനേജിങ് ഡയറക്ടര്‍ സന്താനു മുഖര്‍ജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്‍.ആര്‍.ഐ സര്‍വിസസ് ജനറല്‍ മാനേജര്‍ പി.കെ. മിശ്ര എന്നിവർ പങ്കെടുത്തു.
സഹ ബാങ്കുകള്‍ മാതൃബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്ന സാഹചര്യത്തില്‍ എന്‍.ആര്‍.ഐ ഉപഭോക്താക്കളില്‍ ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ നീതിന്യായ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്‍ മലിക് അബ്ദുല്ല അല്‍ ഖലീലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍ ഗാല സനയ്യയില്‍ ഗ്ളോബല്‍ മണി എക്സ്ചേഞ്ചിന്റെ 36 ആം ശാഖ ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ കെ.എസ്. സുബ്രമണ്യന്‍, ജനറല്‍ മാനേജര്‍ ആര്‍. മധുസൂദനന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.