അറുപതുകൾ മുതൽ എൺപതുകൾ വരെ നൂറോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം. എഴുപതുകളിൽ നസീറിന്റേതടക്കമുള്ള ചിത്രങ്ങളിൽ നായിക. എന്നിട്ടും ജീവിക്കാൻ നിവൃത്തിയില്ലാതെ, രോഗബാധിതയായി, ശുശ്രൂഷിക്കാൻ ആരുമില്ലാതെ കഴിയുകയാണ് സാധന.
ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ ഇഷ്ടതാരമായിരുന്ന സാധന പ്രായാധിക്യവും രോഗവും മൂലം അവശയായി, അനാഥയായി സിനിമയുടെ പകിട്ടുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് ജീവിക്കുകയാണ്. അവരുടെ ചലച്ചിത്രങ്ങൾ കണ്ടവർക്കാ ർക്കും ആ മുഖം മനസ്സിൽ പതിഞ്ഞവർക്കാർക്കും ഇന്നത്തെ സാധനയുടെ മുഖത്തേക്ക് വേദനയോടെയല്ലാതെ നോക്കാനവില്ല.
സിഐഡി നസീർ, റെസ്റ്റ് ഹൗസ്, മന്ത്രകോടി, മിസ് മേരി, നൃത്തശാല, പഞ്ചതന്ത്രം, ബോയ്ഫ്രണ്ട്, ലേഡീസ് ഹോസ്റ്റൽ തുടങ്ങി നൂറോളം ചിത്രങ്ങളിലെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ സാധന തൻമയത്വത്തോടെ അവതരിപ്പിച്ചു. 1968ൽ ഡൈഞ്ചർ ബിസ്കറ്റിലാണ് സാധനയുടെ തുടക്കം. തമിഴിലും ധാരാളം സിനിമകളിൽ സാധന അഭിനയിച്ചു.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കപ്പെടുന്നവരാണ്. എന്നാൽ ആ ശോഭ മങ്ങുമ്പോൾ ജീവിതം കൂടിയാണ് ഇരുട്ടിലാകുന്നതെന്ന യാഥാർത്ഥ്യം തെളിയിക്കുന്നതാണ് സാധനയുടെ ഇന്നത്തെ അവസ്ഥ.
താരപ്രഭയിൽ ആഘോഷങ്ങൾ നടക്കുമ്പോൾ മറക്കരുത് സാധനയെപ്പോലെ ഒരു നാൾ നമ്മെയെല്ലാം രസിപ്പിച്ചിരുന്ന പലരും ഇന്ന് ദാരിദ്രത്തേക്കാൾ വേദനയുള്ള അനാഥത്വത്തിന്റെ ലോകത്താണെന്ന്.