ന്യൂഡൽഹിഃ പ്രവാസികളുടെ അനിയന്ത്രിത വിമാനയാത്രകൂലിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പുതിയതായി നിയമിതനായ കേന്ദ്ര വ്യോമയാന മന്ത്രി ശ്രി. കെ. രാംമോഹൻ നായിഡുവിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇ വിഷയത്തിൽ മുൻപും നിവേദങ്ങളും, കോടതിയിൽ ഹർജികളൊക്കെ നൽകിയിരുന്നു എങ്കിലും വിമാന യാത്രക്കൂലി വിഷയത്തിൽ സർക്കാർ ഇടപെടില്ല എന്നും വിമാനയാത്രക്കൂലി കമ്പോളശക്തികൾ നിർണയിക്കും എന്ന നിലപാടാണ് കാലാകാലങ്ങളായി സർക്കാർ എടുത്തുവന്നിരുന്നത്. ഇതിനൊരുമാറ്റമുണ്ടാവണം എന്ന ആവശ്യമാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ മുഖ്യമായും ആവശ്യപ്പെടുന്നത്.
കൂടാതെ എയർസേവാ പോർട്ടൽ കൂടുതൽ ശക്തമാക്കണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. വിമാനയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എയർസേവാ പോർട്ടൽ ഇപ്പോൾ കാര്യക്ഷമമല്ലെന്നും അടുത്തിടെ വ്യാപകമായി വിമാനയാത്രകൾ റദ്ദുചെയ്യപ്പെട്ടപ്പോൾ റീഫണ്ടിനായി എയർസേവാ പോർട്ടൽ വഴി പരാതിപ്പെട്ട പലർക്കും റീഫണ്ട് കിട്ടുന്നില്ല എന്നും നിവേദനത്തിൽ ചൂണ്ടികാണിച്ചു. സൗജന്യമായി പ്രശ്നപരിഹാരം കണ്ടിരുന്ന എയർസേവാ പോർട്ടൽ കാര്യക്ഷമമല്ലാത്തതിനാൽ റീഫണ്ടിനായി കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഗൾഫ് മേഖലയിൽ അവധിസമയമായതിനാൽ വർദ്ധിതമായ വിമാനക്കൂലി പ്രവാസികൾക്ക് കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാൽ കേന്ദ്രസർക്കാർ അനുകൂല നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് ശ്രി. സുധീർ തിരുനിലത്ത് പറഞ്ഞു.