പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ വാര്‍ഷികവും ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും 30ന്

ലണ്ടന്‍ . പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ വാര്‍ഷികവും യുകെ ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും നവംബര്‍ 30 ഞായറാഴ്ച യുകെ സമയം വൈകിട്ടു രണ്ടു മണിക്കു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ മുഖ്യാതിഥിയായി കേരള ഹൈക്കോടതി റിട്ട. ജഡ്ജിയും എന്‍ആര്‍ഐ കേരള കമ്മിഷന്‍ ചെയര്‍ പേഴ്‌സണുമായ സോഫിയ തോമസും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശേരിയും മുഖ്യ അതിഥികളായി പങ്കെടുക്കും. പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റു്ം സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് ഏബ്രഹാം, യുകെ പ്രസിഡന്റ് സോണിയ സണ്ണി, പിസിഎല്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി ശ്രീജിത് മോഹന്‍ എന്നിവര്‍ ആതിഥ്യം വഹിക്കും. ലോകകേരള സഭാ അംഗവും യുകെ കൈരളി മുന്‍ സെക്രട്ടറിയുമായ കുര്യന്‍ ജേക്കബ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍, യുകെ മലയാളി സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് ജോസഫ്, ലോക കേരള സഭാംഗം വിശാല്‍ ഉദയ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യുകെയില്‍ വിദേശികള്‍ക്ക് ഐഎല്‍ആര്‍ ലഭിക്കുന്നതിനുള്ള കാലദൈര്‍ഘ്യം ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം പ്രസിദ്ധപ്പെടുത്തിയ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായിട്ടുള്ള പ്രവാസി മലയാളികള്‍ ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച പാനല്‍ ചര്‍ച്ചയും വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഇമിഗ്രേഷന്‍ അഡൈ്വസര്‍ ബിബിന്‍ ജോസഫ്, സോഷ്യല്‍മീഡിയയില്‍ ഈ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തുന്ന മവീഷ് വേലായുധന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിക്കും.