ദോഹ : ഇന്ത്യൻ നാവികരുടെ മോചനത്തിൽ നന്ദി അറിയിച്ചും ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഖത്തർ ബന്ധത്തിന് കരുത്തു കൂടിയതായി സന്ദർശന ശേഷം പ്രധാനമന്ത്രി പറഞ്ഞു. അമീർ ഹമദ് ബിൻ ഖലീഫ അൽ താനിയെയും പ്രധാനമന്ത്രി സന്ദർശിച്ചു. മേഖലയിലെ സാഹചര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളും ചർച്ചയായതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു .വൈദ്യുതി കൈമാറ്റത്തിനും, ഡിജിറ്റൽ രംഗത്തെ വികസനത്തിനും നിക്ഷേപത്തിനും ധാരണാപത്രങ്ങൾ ഒപ്പിട്ടു. ഇന്ത്യ – ഖത്തർ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന, ആചാരപരമായ, ഊഷ്മളമായ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ഖത്തർ നൽകിയത്. ഇന്ത്യൻ നാവികരുടെ മോചനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഖത്തറിലെത്തിയ പ്രധാനമന്ത്രി, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി നേരിട്ട് നന്ദി അറിയിച്ചു.ഖത്തർ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും നടന്ന കൂടിക്കാഴ്ച്ചയിലും മേഖലയിലെ വിഷയങ്ങൾ ചർച്ചയായിരുന്നു. ഉഭയകക്ഷി ബന്ധത്തിനപ്പുറം മേഖലയിലെ വിഷയങ്ങളിൽ യോജിപ്പുണ്ടാകുന്നതിലക്ക് കൂടി ചർച്ച നീണ്ടതായി അധികൃതർ വ്യക്തമാക്കി .