ഖത്തർ എയർലൈൻ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സർവീസുകൾ ആരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയുടെ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത് . ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ്. യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29ന് അല്‍ ഉലയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിക്കും. ഡിസംബര്‍ 6ന് യാന്‍ബുവിലേക്കും തുടര്‍ന്ന് 14ന് തബൂക്കിലേക്കും സര്‍വീസ് ആരംഭിക്കും.അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ടും യാമ്പുവിലേയ്ക്കും തബൂക്കിലേക്കും മൂന്ന് വീതവുമാണ് സര്‍വീസ് നടത്തുക. ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, ത്വായിഫ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ സൗദിയിലെ ഒമ്പത് നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസ് വ്യാപിക്കും. പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ലോകമെമ്പാടുമുള്ള യാത്രക്കാരെ ശ്രദ്ധേയമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി.