തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ നിവേദകസംഘത്തിന് ഉറപ്പുനൽകി.പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായസഹകരണങ്ങൾ ചെയ്യാമെന്ന് എം പി ഉറപ്പുനൽകി.

നിവേദനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ :

  1. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവ്വീസ് നിയമത്തിൽ ഭേദഗതി വരുത്തണം: – സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ Legal Services Authorities Act, 1987 ഭേദഗതി ചെയ്ത്, ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
  2. പ്രവാസി ഭാരതീയ ഭീമ യോജന (PBBY) ഇൻഷുറൻസ് പദ്ധതി വിദേശത്ത് പോകുന്ന ECR/ECNR വിഭാഗങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുകയും ചെയ്യുക:– മരണത്തിനും അംഗവൈകല്യത്തിനും നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, വിദേശത്ത് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജനയെക്കുറിച്ച് കൂടുതൽ അവബോധം ഇൻഡ്യൻ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
  3. എംബസ്സി ക്ഷേമനിധിവഴി (Indian Community Welfare Fund-ICWF) ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ Overseas Mobility Bill, 2024-ൽ ഉൾപ്പെടുത്തണം.
  4. വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം: വിദേശജോലിക്കും സർവ്വകലാശാല പഠനത്തിനുമായി വ്യാജ വാഗ്ദാനങ്ങൾ നൽകി വൻ തുക തട്ടിപ്പുനടത്തുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരുക.
  5. എംബസ്സി ക്ഷേമനിധിവഴി (Indian Community Welfare Fund-ICWF) നിയമസഹായം ശക്തമാക്കുക: – വിചാരണ തടവുകാർക്കും തൊഴിൽ തർക്കങ്ങൾ നേരിടുന്നവർക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും സമഗ്രമായ നിയമ സഹായം നൽകുന്നതിന് ICWF വ്യവസ്ഥകൾ പരിഷ്കരിക്കുകയും അവ കർശനമായി നടപ്പാക്കുന്നതിന് എംബസ്സികൾക്കും വിദേശ ഇൻഡ്യൻ കാര്യാലയങ്ങൾക്കും വേണ്ട നിർദേശങ്ങൾ വിദേശമന്ത്രാലയം നൽകണം.
  6. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന (MGPSY) പുനഃസ്ഥാപിക്കുക:– പ്രവാസി തൊഴിലാളികൾക്ക് പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങൾ
    ഉറപ്പുവരുത്തിയിരുന്ന MGPSY 2012-ൽ ആരംഭിക്കുകയും 2017-ൽ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിർത്തലാക്കുകയും ചെയ്തിരുന്നു. ECR വിഭാഗത്തിൽ പെട്ട ഇൻഡ്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ വിദേശകാര്യവകുപ്പ് പുനരുജ്ജീവിപ്പിക്കണം.

അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), തൽഹത്ത് പൂവച്ചൽ (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.