കുവൈത്ത് സിറ്റി: കുവൈത്തിൻറെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ശൈഖ് മിഷൽ അൽ അഹമദ് അൽ സബാഹ്, അന്തരിച്ച അമീർ ശൈഖ് നവാഫിന്റെ അർദ്ധ സഹോദരൻ ആണ്.
ഭരണരംഗത്ത് വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിര്‍ അൽ സബാഹ് കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അമീർ. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. 1962ൽ വെറും 25 വയസ്സുള്ളപ്പോഴാണ് ഹവല്ലി ഗവർണറായി ശൈഖ് നവാഫ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1978ൽ ആഭ്യന്തരമന്ത്രിയായി. പിന്നെ പ്രതിരോധ മന്ത്രിയുമായി. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ശൈഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. 3 വർഷം പ്രധാനമന്ത്രി പദവിയിൽ. അങ്ങനെ എല്ലാ മേഖലയിലെയും ഭരണ പരിചയവുമായാണ് അദ്ദേഹം കുവൈത്തിനെ നയിച്ചത്. 2020ലാണ് മുൻ അമീറിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തെ നയിക്കാൻ അമീർ പദവിയിലെത്തിയത്.