സോഹാർ നവചേതന ഓണം ആഘോഷിച്ചു

സോഹാർ: സോഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നവചേതന പൊന്നോണം 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി. കശ്മീർ റോഡിലെ ഫാംഹൗസിലായിരുന്നു ഓണാഘോഷ പരിപാടികൾ.നവചേതന വൈസ് പ്രസിഡന്റ് രാജീവ് പിള്ള, സെക്രട്ടറി ഹരികൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ സുമ രവീന്ദ്രനാഥ്, ബാബു പുഷ്പാഞ്ജലി, രാഹുൽ കൃഷ്ണ എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സോഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ആഘോഷത്തിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്നൊരുക്കിയ മനോഹരമായ പൂക്കളം ശ്രദ്ധേയമായി.താലപ്പൊലിയും ചെണ്ടമേളവും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. നവചേതനയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച തിരുവാതിര, നൃത്തം, ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.വടംവലി, കസേരകളി, നൂൽ കോർക്കൽ തുടങ്ങിയ വിവിധ ഓണക്കളികളും അരങ്ങേറി. പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം പകരുന്നതായിരുന്നു ആഘോഷ പരിപാടികൾ.