
മനാമ: ബഹറിൻ രാജ്യത്തോടും ഭരണാധികാരികളോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ബഹറിൻ സോപാനം വാദ്യകലാസംഘം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തോടും സ്വാതന്ത്ര്യത്തോടും ആദരവർപ്പിച്ചു കൊണ്ടും, ബഹറിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അധികാരത്തോടും, പ്രധാനമന്ത്രിയും യുവരാജാവുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നേതൃത്വത്തിൽ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്ന സമർപ്പണത്തോടും സമഗ്രവികസനത്തോടൂം ദീർഘവീക്ഷണത്തോടൂം കൂറുപുലർത്തികൊണ്ടും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ബഹറിൻ പ്രവാസലോകത്തെ ഇന്ത്യൻ വാദ്യകലാകാര കൂട്ടായ്മയായ സോപാനം ബഹറിൻ ആദരസഭ സംഘടിപ്പിച്ചത്. മതരാഷ്ട്രഭേദമന്യേ ബഹറിൻ എന്ന രാജ്യവും രാജാവും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നൽകുന്ന കരുതലും, സുരക്ഷയും, സുസ്ഥിരതയും, കലാസാംസ്കാരിക സ്വാതന്ത്യവും, പിന്തുണയും സമാനതകളില്ലാത്തതാണെന്നും, രാജ്യത്തിന്റെ സമഗ്രവികസനവും, അതിവേഗം ഉയരുന്ന സമ്പദ് വ്യവസ്ഥയും രാജാവിന്റെ ഭരണനേതൃത്വത്തിൽ മുന്നേറുമ്പോൾ ഇന്ത്യൻസമൂഹം അദ്ദേഹത്തിന്റെ സത്ഭരണത്തിന് പിന്തുണയും ആദരവും നൽകേണ്ടത് നമ്മുടെ കടമയാണെന്നും, രാജ്യത്തെ ഭരണാധികാരികളോട് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.രാജാവിന് ആദരവും പിന്തുണയും രേഖപ്പെടുത്തുവാനായി നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. സോപാനം ചെയർമാൻ ചന്ദ്രശേഖരന്റെയും, കോ൪ഡിനേറ്റർ വിനീഷ് സോപാനത്തിന്റെയും, ട്രഷറർ രാജേഷ് മാരാരുടെയും നേതൃത്വത്തിൽ സോപാനം കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ, 500ൽ പരം സോപാനം കുടുംബാംഗങ്ങൾ ലോയൽറ്റി പ്രതിജ്ഞയിൽ ഒപ്പുരേഖപ്പെടുത്തി.







