
സോഹാർ: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ സോഹാർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗുരുപുഷ്പാഞ്ജലിയും പൂജാചടങ്ങുകളുമായിരുന്നു പ്രധാന പരിപാടികൾ. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ഗുരുദേവ ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.സോഹാർ ശാഖ പ്രസിഡന്റ് സന്തോഷ് സോപനത്തിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം യൂണിയൻ കൺവീനർ ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗുരുദേവന്റെ ദർശനങ്ങളും വചനങ്ങളും ലോകം കൂടുതൽ ശ്രദ്ധയോടെ സ്വീകരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.
യൂണിയൻ കോർഡിനേറ്റർ കുമാർ, കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, റെനിഷ്, ശാഖ രക്ഷാധികാരി സുനിൽ മാഷ്, സോഹാർ മലയാളി സംഘം പ്രസിഡന്റ് വാസുപിട്ടൻ ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു. ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രബാബു നന്ദി പറഞ്ഞു.തുടർന്ന് ഗാനമേളയും വിവിധ കലാ-സാംസ്കാരിക പരിപാടികളും നടന്നു. വിഭവസമൃദ്ധമായ ഗുരുദേവ ജയന്തി സദ്യയും ഒരുക്കിയിരുന്നു.ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്.എൻ.ഡി.പി പ്രവർത്തകരുടെയും സോഹാർ ശാഖ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ആഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.







