സൗദി അറേബ്യ : സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും സ്വീകരിക്കുന്നു . താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 14,323 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,778 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,404 പേരുമാണ് പിടിയിലായതെന്നു അധികൃതർ വ്യക്തമാക്കി . അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,295 പേരിൽ 61 ശതമാനം യമൻ സ്വദേശികളും 37 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ് ഉള്ളത് . അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 61 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 9 പേരെ കസ്റ്റഡിയിലെടുത്തു.നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്