ലണ്ടന്‍ : പാര്‍ലമെന്റംഗവും സിനിമാതാരവുമായ സുരേഷ് ഗോപി ഞായറാഴ്ച വൈകിട്ട് ലണ്ടനിലെത്തും. ഇന്ത്യ-യുകെ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബക്കിങ് ഹാം കൊട്ടാരത്തില്‍ നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന സുരേഷ് ഗോപിക്ക് ഇന്ത്യന്‍ ഹൈക്കമ്മിഷന് ഓഫിസില്‍ സ്വീകരണം നല്‍കും. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ഹൈക്കമ്മിഷനിലെ ഗാന്ധി ഹാളിലാണ് സ്വീകരണം. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ബ്രിട്ടനിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും യോഗത്തില്‍ സംബന്ധിക്കും. pnm.wing@hcilondon.in എന്ന ഇ മെയില്‍ വിലാസത്തില്‍ താല്പര്യം അറിയിക്കുന്നവരില്നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാകും.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ ഇന്ത്യയെ പ്രതിനീധികരിക്കുന്നത്. വിശിഷ്ടാതിഥികള്‍ക്കായി കൊട്ടാരത്തില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഒരുക്കുന്ന വിരുന്നോടെയാണ് ഒരുവര്‍ഷം നീളുന്ന കള്‍ച്ചറല്‍ ഫെസ്റ്റിന് തുടക്കം കുറിക്കുക. എ ആര് റഹ്മാന്റെ ‘ജയ്ഹോ’ മ്യൂസിക് അവതരണം ഉണ്ടാവും. സച്ചിന് തെണ്ടുല്‍ക്കര്‍, കമലഹാസന്, കപില്‍ദേവ് തുടങ്ങി സിനിമാ- കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരും സാംസ്കാരിക നായകരുമടക്കമുള്ള അതിഥികള്‍ പങ്കെടുക്കും. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വൈ.കെ. സിന്‍ഹയുടെ നേതൃത്വത്തിലുള്ള നയതന്ത്രപ്രതിനിധികളും ഇന്ത്യന്‍ സംഘത്തോടൊപ്പമുണ്ടാകും.
തെരേസ മേ മന്ത്രിസഭയില്‍ ഇന്റര്‍നാഷണ്‍ല്‍ ഡവലപ്മെന്റിന്റെ ചുമതലവഹിക്കുന്ന ഇന്ത്യന്‍ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനാണ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ചുമതല. വില്യം രാജകുമാരനും കേയ്റ്റും മറ്റ് രാജകുടുംബാംഗങ്ങളും ഫെസ്റ്റില്‍ സംബന്ധിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റ എഴുപതാം വാര്‍ഷികമായ 2017 ഇന്തോ- യു.കെ കള്‍ച്ചറല്‍ ഇയറായി ആഘോഷിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് പ്രഖ്യാപിച്ചത്.