ഉള്ളി കയറ്റുമതി താൽക്കാലിക നിരോധനം, ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉള്ളിവില കുത്തനെ ഉയർന്നു

അബുദബി: ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതോടെയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളിവില ഉയർന്നിരിക്കുന്നത്. ഗ്രോസറി ഷോപ്പുകളിലും ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഉള്ളിവില കുത്തനെ വർധിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കിലോയ്ക്ക് എട്ട് ദിര്‍ഹത്തിന് മുകളിലാണ്. ഇന്ത്യയില്‍ ഉള്ളി വിളവ് കുറഞ്ഞതോടെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഉള്ളി കയറ്റുമതിയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത് .
ഗള്‍ഫില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഇന്ത്യന്‍ ഉള്ളിക്കാണ്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഇറാന്‍, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇ വിപണിയിലേയ്ക്ക് ഉള്ളിയെത്താറുണ്ട്. ഇന്ത്യന്‍ ഉള്ളിക്ക് പുറമെ തുര്‍ക്കി ഉള്ളിക്കും നിലവില്‍ വിലവര്‍ദ്ധനവുണ്ട്. ഇത് പരിഹരിക്കാൻ ബ്രിട്ടന്‍, പാക്കിസ്ഥാന്‍, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് നിലപാട്.