ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 വയസ്സാക്കി ഉയർത്തി

തിരുവനന്തപുരം: ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 വയസ്സാക്കി ഉയർത്തി. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി. ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താൻ തങ്ങൾക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും ഉണ്ടായി. ഈ പരാതികൾ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തുകയായിരുന്നു.