കുവൈറ്റ്:കുവൈറ്റിൽ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. നിലവിൽ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് പറഞ്ഞു രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാൻ രാജ്യത്തെ സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് മന്ത്രാലയം നിർദ്ദേശം നൽകി.ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പന്നിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
പനി പടരുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.മുൻകരുതലായി ആശുപത്രികളിൽ ചികിത്സക്ക് ഐസൊലേഷൻ വാർഡ് സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രമേ രോഗിയുമായി ബന്ധപ്പെടാവൂവെന്നും അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.