തിരുവനന്തപുരം: തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് അടിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് മെക്കാനിക്കായി ജോലി ചെയ്യുന്ന അല്‍ത്താഫ്.തന്നെ ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറഞ്ഞു. സാധാരണക്കാരനായ അല്‍ത്താഫിന് ലോട്ടറിത്തുക കൊണ്ട് വീട് വയ്‌ക്കാനാണ് ആഗ്രഹം. ബമ്പറടിച്ച തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമയും തമിഴ്നാട് സ്വദേശിയുമായ നാഗരാജില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ് വാങ്ങിയത്.തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. അത്തരത്തിലാണ് കർണാടക സ്വദേശി അല്‍ത്താഫും ലോട്ടറി എടുക്കാനായി വയനാട്ടിലേക്ക് എത്തിയത്.
ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പര്‍ സമ്മാന തുക.