ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ

PAY-Southern-Rail-train-strikeലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച് ദിവസത്തെ ബഹിഷ്‌കരണ സമരത്തിന് ആഹ്വാനം ചെയ്തിട്ടുളളത്. കഴിഞ്ഞ അര്‍ദ്ധരാത്രിയോടെയാണ് സമരം തുടങ്ങിയത്. അറുപത് ശതമാനം ട്രെയിനുകള്‍ കൃത്യമായി ഓടിക്കണമെന്നാണ് ദക്ഷിണ റെയില്‍വേ കണക്ക് കൂട്ടുന്നത്. ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് ഗോവിയ തെയിംസ് ലിങ്കും ആര്‍എംടി യൂണിയനും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തതാണ് സമരത്തിന് കാരണം. സിസിടിവി ക്യാമറകളുളള ട്രെയിനുകളില്‍ ഡ്രൈവര്‍മാര്‍ സ്വയം വാതില്‍ തുറന്ന് നല്‍കണമെന്ന നിര്‍ദേശമാണ് തര്‍ക്കത്തിന് കാരണമായത്. 1968ന് ശേഷം ഇതാദ്യമായാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ അഞ്ച് ദിവസത്തെ സമരം നടക്കുന്നത്. ഏപ്രില്‍ 26ന് ശേഷം ഒരു ദിവസത്തെ സമരമൊക്കെ നടത്തിയിട്ടുണ്ട്. തുടര്‍ച്ചയായ റദ്ദാക്കലുകളും വൈകലും കാരണം ദക്ഷിണമേഖലയില്‍ ടൈംടേബിള്‍ വെട്ടിക്കുറച്ചിരുന്നു. ജീവനക്കാരില്ലെന്ന കാരണം പറഞ്ഞാണ് നടപടി. 70 മിനിറ്റ് യാത്രയ്ക്ക് മൂന്നും നാലും മണിക്കൂര്‍ എടുക്കുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു. ചിലര്‍ യാത്രകള്‍ മുടങ്ങാതിരിക്കാന്‍ ടാക്‌സികള്‍ വാടകയ്‌ക്കെടുത്ത് പോകാറുണ്ട്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്കുണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ ജോലി തീര്‍ത്ത് നേരത്തെ ഇറങ്ങേണ്ടി വരുന്നതായും യാത്രക്കാര്‍ പറയുന്നു. ഈയാഴ്ച പലരും ജോലിക്ക് പോകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ട്രെയിനില്ലാതെ ജോലി സ്ഥലത്തേക്ക് എത്തുക വളരെ ശ്രമകരമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സമരം ഇത്രയും നീളുന്നതിലും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അഞ്ച് ദിവസത്തെ സമരത്തില്‍ പലര്‍ക്കും കഠിനമായ ദേഷ്യവുമുണ്ട്. ചിലര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാകും. അങ്ങനെ ചെയ്യാനാകാത്തവര്‍ എന്ത് ചെയ്യുമെന്നും ഇവര്‍ ചോദിക്കുന്നു. സമരം എപ്പോള്‍ തീരുമെന്നും ഇവര്‍ ആകാംക്ഷയോടെ ചോദിക്കുന്നു. സസെക്‌സ് കിഴക്കന്‍ സുറെ, ലണ്ടന്‍, കെന്റ്, ഹാംപ്‌ഷെയര്‍, ബക്കിംഗ്ഹാംഷെയര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത് സതേണ്‍ ആണ്.

89714